തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ സി.പി.എമ്മിന് തലവേദനായി വീണ്ടും മാസപ്പടി വിവാദം കത്തുന്നു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്.എഫ്.ഐ.ഒ) അന്വേഷണം പുരോഗമിക്കുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്റ്റര്‍ ചെയ്തതോടെയാണ് വിവാദം വീണ്ടും പുകയുന്നത്.
കേരളത്തിലെ ഇടതു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള അന്വേഷണം മറ്റൊരു രാഷ്ടീയ പോർമുഖം കൂടിയാണ് തുറക്കുന്നത്. പ്രതിപക്ഷ നേതാക്കളെയും എതിരഭിപ്രായം ഉന്നയിക്കുന്നവരെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നെന്ന നിലയിലാണ് ഇ.ഡി നീക്കത്തിലെ സി.പി.എം പ്രതിരോധം.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ നടപടികൂടി ചേർത്താണ് സി.പി.എം ചെറുത്തുനിൽപ്പ് ഉയർത്തുന്നത്. എന്നാൽ, ഇല്ലാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്റെ പരിധിയിൽ വരുമെന്ന നിലയിലാണ് ഇ.ഡി നീക്കം.
ഇ.ഡിയുടെ അന്വേഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്നാണു പ്രതിപക്ഷ ആരോപണം. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലും സ്വർണക്കടത്തിലും ലൈഫ് മിഷൻ ആരോപണങ്ങളിലും ഇ.ഡി നടത്തുന്ന അന്വേഷണം എന്തായി എന്ന ചോദ്യവുമായാണ് മാസപ്പടിയിലെ ഒത്തുതീർപ്പ് സന്ദേഹങ്ങൾ പ്രതിപക്ഷം നിരത്തുന്നത്.
മാസപ്പടി വിവാദം രാഷ്ട്രീയ പ്രേരിതമെന്ന സി.പി.എം വാദം ദുർബലമാണെന്നും മൊഴികളുടെ അടിസ്ഥാനത്തില്‍ ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയത് എങ്ങനെ രാഷ്ട്രീയപ്രേരിതമാകുമെന്നുമാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണ് പോരാട്ടം എന്ന് വരുത്തിത്തീർക്കാനാണ് ഈ നാടകം. അരവിന്ദ് കെജ്രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നു വി.ഡി. സതീശൻ തുറന്നടിച്ചു.
ബി.ജെ.പിയും കോൺഗ്രസും വിഷയം ശക്തമായി ഉന്നയിക്കുന്നതോടെ കനത്ത വാദപ്രതിവാദങ്ങൾക്കാകും വരും ദിവസങ്ങൾ സാക്ഷിയാവുക. മുഖ്യമന്ത്രിക്കെതിരെ ലാവലിൻ കാലത്തെ വ്യക്തിയാക്രമണങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് സി.പി.എം വിലയിരുത്തൽ. സിംഗപ്പൂർ യാത്ര, ടെക്നിക്കാലിയ, കമല ഇന്റർനാഷനൽ, കൊട്ടാരംപോലുള്ള വീട് തുടങ്ങിയ പ്രചാരണങ്ങളുടെ തുടർച്ചയാണിതെന്നും പാർട്ടി പ്രതിരോധം തീർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.