തിരുവനന്തപുരം: സി.എം.ആർ.എല്ലിന് വേണ്ടി ഭൂപരിധി നിയമത്തിൽ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടുവെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മാസപ്പടി വിഷയത്തിൽ യഥാർഥ അഴിമതിക്കാരൻ മുഖ്യമന്ത്രിയാണെന്നും 100 കോടിയോളം രൂപ വാങ്ങിയത് അദ്ദേഹമാണെന്നും മാത്യു ആരോപിച്ചു.
മകളോട് അൽപ്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ മാസപ്പടിയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കണം. മകളെ പൊതുസമൂഹത്തിൽ വലിച്ചുകീറുമ്പോൾ മുഖ്യമന്ത്രി കാഴ്ചക്കാരനായി നിൽക്കുകയല്ല വേണ്ടത്. മന്ത്രിമാരായ പി. രാജീവോ എം.ബി. രാജേഷോ ഇരുവരും ഒന്നിച്ചോ ഇക്കാര്യത്തിൽ പരസ്യമായ സംവാദത്തിന് തയാറുണ്ടോ എന്നും മാത്യു വെല്ലുവിളിച്ചു. നിയമസഭയിൽ ഈ ചോദ്യങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ ഭരണപക്ഷം തടയാൻ ശ്രമിക്കുകയും സ്പീക്കർ മൈക്ക് ഓഫ് ചെയ്യുകയും ചെയ്തു.
തോട്ടപ്പള്ളിയിൽ സി.എം.ആർ.എൽ പ്രമോട്ടറായ കെ.ആർ.ഇ.എം.എൽ ഭൂമി വാങ്ങിയതിൽ ദുരൂഹതയുണ്ട്. ഭൂപരിധി നിയമം ലംഘിച്ചായിരുന്നു ഇടപാട്. 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വെക്കാൻ പാടില്ലെന്ന ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് തേടി കെ.ആർ.ഇ.എം.എൽ സർക്കാറിനെ സമീപിച്ചിരുന്നു. ഇളവ് ശിപാർശ ചെയ്യാൻ അധികാരമുള്ള ജില്ലതല സമിതി ശിപാർശ ഇല്ലാതെയാണ് കമ്പനിയുടെ അപേക്ഷ സർക്കാറിലേക്ക് കൈമാറിയത്.
സമിതി ശിപാർശയില്ലാത്തതിനാൽ 2021 മേയ് നാലിന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി അപേക്ഷ തള്ളി. പിന്നീട് രണ്ടുതവണ പുനഃപരിശോധനക്ക് അപേക്ഷ നൽകിയെങ്കിലും നിരസിച്ചു. ഇതോടെയാണ് 2021 ജൂലൈ അഞ്ചിന് കമ്പനി മുഖ്യമന്ത്രിക്ക് നേരിട്ട് അപേക്ഷ സമർപ്പിച്ചത്. ആദ്യം മിനറൽ കോംപ്ലക്സിന് പദ്ധതി സമർപ്പിച്ച കമ്പനി പിന്നീട് ടൂറിസം, സോളാർ പദ്ധതികൾക്കാക്കി മാറ്റിയാണ് വീണ്ടും അപേക്ഷിച്ചത്. ഭൂപരിഷ്കരണ നിയമത്തിൽ ഇളവിന് അപേക്ഷിച്ചാൽ പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് റവന്യൂ വകുപ്പാണ്; മുഖ്യമന്ത്രിയല്ല. എന്നാൽ, ഇതിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും യോഗം വിളിച്ച് മിനിറ്റ്സ് തയാറാക്കുകയും ചെയ്തു. ഇതിന്‍റെ തുടർച്ചയായി 2022 ജനുവരി 11ലെ മന്ത്രിസഭ യോഗത്തിൽ നിയമഭേദഗതിക്കു കുറിപ്പ് കൊണ്ടുവന്ന് അംഗീകരിച്ചു. തുടർന്ന് കമ്പനി വീണ്ടും ജില്ലതല സമിതിക്ക് അപേക്ഷ സമർപ്പിക്കുകയും പുതിയ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി 2022 ജൂൺ 15ന് അപേക്ഷ പരിഗണിച്ച് അനുകൂല ശിപാർശ സമർപ്പിച്ചതായും രേഖകൾ സഹിതം മാത്യു ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടന്‍റെ ആരോപണങ്ങൾക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടിയുമായി മന്ത്രി പി. രാജിവ്. സംവാദത്തിന് വിളിക്കുന്നതിനു മുമ്പ് താൻ നേരത്തേ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ രാജീവ് ആവശ്യപ്പെട്ടു.
വിവാദ കമ്പനിക്ക് കേരള സർക്കാർ നൽകിയ ഏറ്റവും വലിയ സഹായം മൈനിങ് ലീസാണ്. 2002ൽ എ.കെ. ആന്‍റണി മുഖ്യമന്ത്രിയായപ്പോൾ തുടങ്ങിയ നടപടിക്രമങ്ങളുടെ അവസാന ഘട്ടമായി 15/09/2004 സെപ്റ്റംബർ 15ന് മൈനിങ് ലീസ് നൽകിയത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ്. കുഴൽനാടന്‍റെ വാദം അനുസരിച്ചാണെങ്കിൽ ഈ വലിയ സഹായത്തിന് ആരാണ് ഉത്തരവാദി. അന്ന് കുഴൽനാടൻ പൊട്ടിച്ച വെടിയിലെ ഉണ്ട കൊള്ളേണ്ട യു.ഡി.എഫ് നേതാക്കളിൽ ജീവിച്ചിരിക്കുന്നവരാരും പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് കുഴൽനാടൻ ഒന്നും പറഞ്ഞില്ല. കൈവശം വെക്കാവുന്നതിന് അപ്പുറത്ത് ഭൂമി രജിസ്റ്റർ ചെയ്ത് നൽകിയ യു.ഡി.എഫിന്റെ എം.എൽ.എ ഇപ്പോൾ ഇളവ് നൽകണമെന്ന അപേക്ഷ തള്ളിയ എൽ.ഡി.എഫിനെതിരെ അസംബന്ധവുമായി വന്നാൽ എന്തു സംവാദം നടത്തണമെന്നും രാജീവ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.