പൊലീസു​കാർക്കെതിരായ നടപടി പകപോക്കലെന്ന്; സസ്​പെൻഷനിലും സ്വാധീനം തെളിയിച്ച് സുജിത് ദാസ്

മലപ്പുറം: ക്യാമ്പ് ഓഫിസിലെ മരം മുറിച്ച് മോഷ്ടിച്ച് കടത്തിയെന്ന ആരോപണത്തെയും പി.വി. അൻവർ എം.എൽ.എയെ ഫോൺവിളിച്ച് അധികാര ദുർവിനിയോഗം നടത്തിയതിനെയും തുടർന്ന് സസ്​പെൻഷനിലായ മലപ്പുറം മുൻ എസ്.പി സുജിത് ദാസ് ഇപ്പോഴും പൊലീസിൽ അതിശക്തനെന്ന് തെളിയിച്ച് പൊലീസുകാർക്കെതിരെ കൂട്ടനടപടി. സസ്​പെൻഷനെ തുടർന്ന് പൊലീസ്​ ഗ്രൂപ്പുകളിൽ നടന്ന സ്വാഭാവിക ചർച്ചക​ൾ ചൂണ്ടിക്കാട്ടിയാണ് നാലുപൊലീസുകാർക്കെതിരെ ​ അച്ചടക്കനടപടിക്കൊരുങ്ങുന്നത്. ഇത് പകപോക്കലാണെന്ന് പൊലീസുകാർക്കിടയിൽ തന്നെ ആക്ഷേപമുയർന്നിട്ടുണ്ട്​.

എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എംഎല്‍എ പി വി അന്‍വറിനോട് എസ് പി സുജിത് ദാസ് പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളെ തുടർന്നാണ് സുജിത് ദാസ് സസ്‌പെന്‍ഷനിലായത്. മരം മുറി ആരോപണത്തിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണം പൊട്ടിക്കല്‍, താനൂരിലെ കസ്റ്റഡി മരണ കേസ് തുടങ്ങിയവയിലും സുജിത്ത് ദാസിന്റെ പേര് ചര്‍ച്ചയായിരുന്നു. ആരോപണങ്ങളെ കുറിച്ച് പ്രാഥമികമായി അന്വേഷിക്കാൻ ഡി ഐ ജി അജിത ബീഗത്തെ ചുമതലപ്പെടുത്തിയിരുന്നു. ഡി ഐ ജി നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.

എസ്.പി സുജിത് ദാസിനെതിരായ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പുകളിൽ ​പങ്കുവെക്കുകയും കമന്‍റുകൾ ഇടുകയും ചെയ്തതിന്‍റെ പേരിലാണ് വഴിക്കടവ് സ്റ്റേഷനിലെ ഇ.ജി. പ്രദീപ്, മലപ്പുറം ട്രാഫിക് യൂനിറ്റിലെ അബ്ദുൽ അസീസ്, നിലമ്പൂർ പൊലീസ് സ്റ്റേഷനിലെ ടി.എസ്. നിഷ, മഞ്ചേരി സ്റ്റേഷനിലെ പി. ഹുസൈൻ എന്നിവർക്കെതിരെ അന്വേഷണം നടക്കുന്നത്. ഇവർക്കെതിരെ വാച്യാന്വേഷണത്തിന് മലപ്പുറം എസ്.പി ആർ. വിശ്വനാഥ് ഉത്തരവിട്ടു. പെരിന്തൽമണ്ണ ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം.

സസ്പെൻഷനിലായിട്ടും ജില്ല പൊലീസിൽ സുജിത് ദാസി​ന്റെ നേതൃത്വത്തിൽ സമാന്തര ഭരണമുണ്ടെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് പുതിയ നീക്കം. പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളും പുറത്തുവിട്ട ഫോൺ റെക്കോഡും മരംമുറി വിവാദവും ഉയർന്നതോടെയാണ് സുജിത് ദാസിനെ എസ്.പി സ്ഥാനത്തുനിന്ന് നീക്കുകയും സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തത്.

പൊലീസ് സംവിധാനത്തിനെതിരായ അപകീർത്തി പ്രചാരണങ്ങളുടെ ചുവടുപിടിച്ചുള്ള വാർത്തകളും പോസ്റ്റുകളും ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായും അല്ലാതെയും രൂപവത്കരിച്ച വാട്സ്ആപ് ഗ്രൂപ്പുകളിൽ പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസുകാർക്കെതിരെ നടപടിക്ക് ഒരുങ്ങുന്നത്. ജില്ല സ്പെഷൽ ബ്രാഞ്ചിന്റെയും നിലമ്പൂർ ഡിവൈ.എസ്.പിയുടെയും പ്രാഥമികാന്വേഷണത്തിൽ ഗുരുതരമായ അച്ചടക്കലംഘനം ബോധ്യമായെന്നും കൂടുതൽ അന്വേഷണം വേണമെന്നുള്ളതിനാൽ 1958ലെ കേരള പൊലീസ് ഡിപ്പാർട്മെൻറൽ എൻക്വയറീസ് പണിഷ്മെൻറ് ആൻഡ് അപ്പീൽ റൂൾസ് പ്രകാരം സംയുക്ത വാച്യാന്വേഷണം നടത്തുമെന്നും ഉത്തരവിൽ പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥർ മാത്രം അംഗങ്ങളായ ഇത്തരം ഗ്രൂപ്പുകളിൽ പൊലീസ് സംവിധാനത്തിന് എതിരും അച്ചടക്കവിരുദ്ധവും സേനയോട് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്നതുമായ പോസ്റ്റുകളാണ് ഇവർ പങ്കുവെച്ചതെന്നും ആരോപിക്കുന്നുണ്ട്​. സുജിത്​ ദാസിനെ​ സസ്​പെൻഡ് ചെയ്ത സമയത്തും തുടർന്നും ചില ഉ​ദ്യോഗസ്ഥർ പൊലീസ്​ ഗ്രൂപ്പുകളിൽ വിഷയം ചർച്ചചെയ്തിരുന്നു. ‘ഉപ്പു തിന്നവൻ വെള്ളം കുടിക്കും’ എന്നപോലെ നിരവധി കമന്‍റുകൾ മുൻ എസ്​.പിയുടെ സസ്​പെൻഷൻ സമയത്ത്​ പൊലീസ്​ ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ പേരിലാണ് പൊലീസുകാർക്കെതിരെ ഇപ്പോൾ നടപടി സ്വീകരിക്കുന്നത്. 

Tags:    
News Summary - Mass action against police over whatsapp chat about sp sujith das

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.