കുർബാന തർക്കം: വൈദികനെതിരെ വാട്​സ്​ ആപ്പിൽ കൊലവിളി; പൊലീസിൽ പരാതി നൽകി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന അർപ്പണ രീതിയുമായി ബന്ധപ്പെട്ട തർക്കം നടക്കുന്നതിനിടെ അതിരൂപതക്കു കീഴിലുള്ള വൈദികനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കൊലവിളി നടത്തിയതായി പരാതി. ജനാഭിമുഖ കുർബാനയെ പിന്തുണക്കുന്ന വൈദികരിൽപെട്ട ചുണങ്ങംവേലി സെന്‍റ്​ ജോസഫ്സ് പള്ളിയിലെ സഹവികാരി ഫാ. ബിനോയ് പണാട്ടിനെതിരെ സിനഡ് കുർബാന അനുകൂലിയായ പി.കെ. കുര്യാക്കോസ് കൊലവിളി നടത്തിയതായാണ് പരാതി. ഇതുസംബന്ധിച്ച് അദ്ദേഹം എടത്തല പൊലീസിൽ പരാതി നൽകി.

വാട്സ്​ആപ്​ ഗ്രൂപ്പുകളിലൂടെ ചിത്രം പ്രചരിപ്പിച്ച്​ ഇയാളെ നോട്ടമിടണമെന്നും ആക്രമിക്കണമെന്നും പി.കെ. കുര്യാക്കോസ് ആഹ്വാനം ചെയ്തതായി വൈദികന്‍റെ പരാതിയിൽ പറയുന്നു. കുർബാനയുമായി ബന്ധപ്പെട്ട് കോടതിയിൽ വിചാരണയിലിരിക്കുന്ന കേസിന്റെ വിധി തങ്ങൾക്ക്​ അനുകൂലമായി വരുമെന്നും വന്നാലുടൻ കേസിൽ കക്ഷിയായ തന്നെ പോലുള്ള വൈദികരെ തെരുവിലിട്ട് കൈകാര്യം ചെയ്യണമെന്നും ഇയാൾ പറയുന്നതായി പരാതിയിലുണ്ട്. വൈദികന്‍റെ ചിത്രവും ശബ്ദസന്ദേശവും ഉൾപ്പെടെയാണ് പ്രചരിക്കപ്പെടുന്നത്. ജീവന് സംരക്ഷണം നൽകണമെന്നും ഫാ. ബിനോയ് പരാതിയിൽ ആവശ്യപ്പെട്ടു.

വൈദികരെയും അൽമായരെയും ഭീഷണിപ്പെടുത്തിയും സമൂഹമാധ്യമങ്ങളില്‍ താറടിച്ചുകാണിച്ചും ലക്ഷ്യത്തിലെത്തിച്ചേരുമെന്ന സിനഡന്​ അനുകൂലികളുടെ മോഹം മലർപൊടിക്കാരന്‍റെ സ്വപ്നമാണെന്നു അതിരൂപത സംരക്ഷണ സമിതി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.

Tags:    
News Summary - Mass controversy: Killing calls against the priest on WhatsApp; Filed a complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.