കൊച്ചി: ആരാധനക്രമം സംബന്ധിച്ച തർക്കത്തിൽ ഉലയുന്ന സിറോ മലബാർ സഭയിൽ നേതൃത്വത്തിനെതിരെ കൂടുതൽ വൈദികർ രംഗത്ത്. ഇരിങ്ങാലക്കുട രൂപതയിലെ 87 വൈദികരാണ് പുതുതായി പ്രതിഷേധം അറിയിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളിലും ജൂലൈ മൂന്നുമുതൽ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന അർപ്പിക്കണമെന്നും തീരുമാനം നടപ്പാക്കാത്തവർ സഭക്ക് പുറത്താണെന്നും കാണിച്ച് ജൂൺ ഒമ്പതിന് മേജർ ആർച്ബിഷപ് മാർ റാഫേൽ തട്ടിലും അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർബോസ്കോ പുത്തൂരും സംയുക്തമായി പുറപ്പെടുവിച്ച അന്ത്യശാസനമാണ് ഒടുവിലത്തെ പ്രകോപനം.
രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്ന പ്രതിഷേധക്കുറിപ്പ് ഇറക്കിയാണ് ഇരിങ്ങാലക്കുട രൂപതയിലെ വൈദികർ രംഗത്തുവന്നത്. പൗരസ്ത്യസഭ നിയമസംഹിതയിൽ ഇല്ലാത്ത സ്വാഭാവിക മഹറോൻ ശിക്ഷയും ശീശ്മയും അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതാണ് സർക്കുലറെന്നും ഇത് തികച്ചും അപലപനീയവും നിന്ദ്യവും പൈശാചികവും ആണെന്നുമാണ് മുഖ്യ ആരോപണം. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർക്കും സന്യസ്തർക്കും വിശ്വാസികൾക്കും എതിരെ പുറപ്പെടുവിച്ച സർക്കുലറാണിത്. ആറരലക്ഷം വരുന്ന വിശ്വാസികളെയും 400ലധികം വരുന്ന വൈദികരെയും കുർബാനയിലെ അപ്രസക്തമായ അനുഷ്ഠാനത്തിന്റെ പേരിൽ ക്രൂശിക്കാനാണ് ശ്രമമെന്നും കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.