കുട്ടനാട് (ആലപ്പുഴ): സംഘടന തെരഞ്ഞെടുപ്പ് മുതൽ വിഭാഗീയത രൂക്ഷമായ കുട്ടനാട്ടിൽ സി.പി.എമ്മിൽ കൂട്ടരാജി. ലോക്കൽ കമ്മിറ്റികളും കുട്ടനാട് ഏരിയ കമ്മിറ്റിയും തമ്മിലുള്ള ഭിന്നതയെത്തുടർന്ന് പുളിങ്കുന്ന് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ 75 പ്രവർത്തകർ ഒന്നിച്ച് നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. 11 എൽ.സി അംഗങ്ങളുള്ളതിൽ സെക്രട്ടറിയുൾപ്പെടെ 10 പേരും ഏരിയ കമ്മിറ്റി അംഗവും പാർട്ടി വിട്ടു. 232 പേർ നേരത്തേ രാജിവെച്ചിരുന്നു.
തലവടി, മുട്ടാർ തുടങ്ങിയ ഇടങ്ങളിലും പ്രവർത്തകർ നേരത്തേ രാജിവെച്ചിരുന്നു. തർക്കത്തെ തുടർന്ന് രാമങ്കരി പഞ്ചായത്ത് ഭരണസമിതിയും രാമങ്കരി ലോക്കൽ കമ്മിറ്റിയും രണ്ടുതട്ടിലാണിപ്പോൾ. ഒരുമാസത്തിനിടെ മാത്രം കുട്ടനാട്ടില്‍നിന്ന് 307 പേരാണ് പാര്‍ട്ടി വിട്ടത്. കാവാലം ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് 50 പേര്‍ നേരത്തേ രാജിക്കത്ത് നല്‍കിയിരുന്നു. വെളിയനാട്ടില്‍ ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ 30 പേരാണ് രാജിക്കത്ത് നല്‍കിയത്.
വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന നേതൃത്വം ജില്ല കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച കുട്ടനാട്ടില്‍ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേരും.
കഴിഞ്ഞ സമ്മേളനകാലത്താണ് കുട്ടനാട്ടിലെ സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷമായത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പമ്പ്സെറ്റ് നല്‍കിയപ്പോള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സി.ഡി.എസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, കുമരങ്കരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഞ്ചാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാർഥിയെ നിര്‍ത്തിയത് തുടങ്ങിയ വിഷയങ്ങളില്‍ ഏരിയ കമ്മിറ്റി പാര്‍ട്ടി വിരുദ്ധമായി ഇടപെട്ടതായി ഒരു കൂട്ടര്‍ ആരോപിക്കുന്നു.
രാമങ്കരി -46, വെളിയനാട് -27, തകഴി -19, തലവടി -40, മുട്ടാർ -40, കാവാലം -60 എന്നിങ്ങനെയാണ് പാർട്ടിവിടുകയാണെന്ന് കത്ത് നൽകിയവരുടെ എണ്ണം.രാജിഭീഷണി മുഴക്കിയവരിൽ ഏരിയ കമ്മിറ്റി അംഗങ്ങളും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്നു. പാർട്ടി സമ്മേളനത്തിനുശേഷം കുട്ടനാട്, തകഴി ഏരിയ നേതൃത്വങ്ങളും വിവിധ ലോക്കൽ കമ്മിറ്റി നേതൃത്വങ്ങളും ഏകാധിപത്യപരമായി പെരുമാറുന്നതാണ് രാജിക്ക് കാരണമെന്നാണ് ഇവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.