മുളങ്കുന്നത്തുകാവിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിൽ വൻ തീപിടിത്തം; ഒരു മരണം

വടക്കാഞ്ചേരി (തൃശൂർ): മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിലുണ്ടായ വൻ അഗ്നിബാധയിൽ വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. പാലക്കാട് നെന്മാറ സ്വദേശി നിബിനാണ് (22) മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഗോഡൗണിൽ വെൽഡിങ് ജോലികൾക്കായി പാലക്കാട് ജില്ലയിൽ നിന്നെത്തിയ അഞ്ചംഗ സംഘത്തിലുൾപ്പെട്ടയാളാണ് നിബിൻ. കൂടെയുണ്ടായിരുന്ന നാലു പേർ രക്ഷപ്പെട്ടു. ശുചിമുറിയിൽനിന്ന് വെള്ളമെടുക്കാൻ കയറിയതാണ് നിബിൻ തീയിലകപ്പെടാൻ കാരണമായതായി പറയുന്നത്. കോഴിക്കുന്ന് സ്വദേശികളായ അനു, വിനു എന്നീ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ട്ടോനിറ്റി എന്ന സ്ഥാപന ഗോഡൗണാണ് കത്തിനശിച്ചത്. കോടികളുടെ നഷ്ടമുണ്ടായി.

വൻതോതിൽ തീ ഉയർന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. വടക്കാഞ്ചേരിയിൽ നിന്ന് അഗ്നിരക്ഷ സേനയുടെ രണ്ട് യൂനിറ്റ് ആദ്യമെത്തി. തുടർന്ന് തൃശൂർ, പുതുക്കാട്, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നായി അഞ്ച് യൂനിറ്റുകൾ കൂടിയെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗോഡൗണിലേക്കുള്ള വഴിക്ക്​ വീതി കുറവായതിനാൽ അഗ്നിരക്ഷസേന സംഘമെത്തിയത് പ്രയാസപ്പെട്ടാണ്.

തീപിടിത്ത കാരണം അറിവായിട്ടില്ല. ജില്ല പൊലീസ് മേധാവി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തന നിർദേശങ്ങൾ നൽകി. രാത്രി പത്തോടെ കനത്ത മഴ പെയ്തത് തീപടരുന്നത് തടയാൻ സഹായകമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി. 80 തൊഴിലാളികളുണ്ടായിരുന്നെങ്കിലും ജോലി കഴിഞ്ഞ് പോയിരുന്നതിനാൽ അധികമാളുകൾ ഗോഡൗണിൽ ഉണ്ടായിരുന്നില്ല. രാത്രി പത്ത് മണിയോടെ കണ്ടെത്തിയ നിബിന്റെ മൃതദേഹം തൃശൂർ മെഡി. കോളജ് ആശുപത്രിയിൽ.

Tags:    
News Summary - Massive fire breaks out at two-wheeler spare parts godown; one death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.