അവധിക്കാലത്ത് പ്രസവം, രണ്ടുമാസം കൂടുതൽ അവധി; പ്രസവാവധി തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരൂരങ്ങാടി: അധ്യാപകർക്കിടയിലെ പ്രസവാവധി തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ ഹൈസ്കൂൾ സർക്കാർ-എയ്ഡഡ് വിഭാഗങ്ങളിലായി 160 പേർ അനധികൃതമായി പ്രസവാവധി എടുത്തിട്ടുണ്ടെന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു. പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല, പരപ്പനങ്ങാടി ഉപജില്ല എന്നിവിടങ്ങളിലെ വിദ്യാഭ്യാസ ഓഫിസർമാരുടെ കാര്യാലയത്തിൽനിന്ന് സ്കൂളുകളുടെയും അധ്യാപകരുടെയും പേരുകളടക്കമുള്ള രേഖകൾ കൈമാറിയത്. മൂന്ന് പതിറ്റാണ്ടായി ഇങ്ങനെ അവധി എടുത്തുവരുന്നുണ്ട് എന്നാണ് വിവരം.

അവധിക്കാലത്ത് പ്രസവിക്കുകയും ശേഷം രണ്ടുമാസം ഇതിന്റെ പേരിൽ കൂടുതൽ അവധി എടുക്കുകയുമാണ് ചെയ്യുന്നത്. വേനലവധിക്കാലത്ത് പ്രസവിച്ചവർ ഇങ്ങനെ ആറു മാസത്തിനു പകരം എട്ടുമാസം ശമ്പളത്തോടെയുള്ള അവധി എടുക്കുന്നു. പ്രസവ തീയതിക്കു ശേഷം തുടർച്ചയായി 180 ദിവസമാണ് പ്രസവാവധി. ഇതിൽ കബളിപ്പിക്കൽ നടത്തുകവഴി കോടിക്കണക്കിന് രൂപയാണ് സർക്കാറിന് നഷ്ടം വരുന്നത്.

സംഭവം വിവാദമായതിനെ തുടർന്ന് സംസ്ഥാന സർക്കാർ കർശന നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. ഹയർ സെക്കൻഡറി വിഭാഗത്തിൽ സർക്കാർതലത്തിൽ പരിശോധനപോലും നടത്തിയിട്ടില്ല. തിരൂർ വിദ്യാഭ്യാസ ജില്ലയിലും ഇതുപോലെ 183 കേസുകളുണ്ട്. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഓഫിസിനു കീഴിലെ വേങ്ങര, താനൂർ ഉപജില്ല ഓഫിസിലെ രേഖകൾ ശേഖരിച്ചുവരുകയാണ്.

പ്രധാനാധ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് സർക്കാറിന്റെ നിഗമനം. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ഇല്യാസ് കുണ്ടൂർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്തയച്ചിരുന്നു. എന്നാൽ, സർക്കാർ തലത്തിൽ ഉത്തരവിറക്കിയതല്ലാതെ നടപടികളൊന്നും കൈക്കൊണ്ടില്ല. ഇതിനെതിരെ മുഖ്യമന്ത്രിക്കും ഗവർണർക്കും പരാതി നൽകുമെന്ന് അബ്ദുൽ റഹീം പൂക്കത്ത് പറഞ്ഞു.

Tags:    
News Summary - maternity leave scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.