ചിറ്റാർ: മോർച്ചറിയിൽ നീതിദേവതക്കായി മത്തായി കാത്തിരുന്നത് 40 ദിവസം... നീതി പുലരുമെന്ന പ്രതീക്ഷയിൽ ആ യുവകർഷകന് നാട് യാത്രനൽകി. ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്തശേഷം കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ കുപ്പനകുളം പടിഞ്ഞാറെചരുവിൽ പി.പി. മത്തായിക്ക് (41) മലയോരഗ്രാമം കണ്ണീരോടെ വിട നൽകി.
പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ശനിയാഴ്ച രാവിലെ 9.30ന് ബന്ധുക്കൾ ഏറ്റുവാങ്ങി വിലാപയാത്രയായി ഉച്ചക്ക് 12ഓടെയാണ് അരീക്കകാവ് വീട്ടിൽ എത്തിയത്.
17 കിലോമീറ്റർ ദൂരത്തിൽ വിലാപയാത്രയായി എത്താൻ രണ്ടര മണിക്കൂർവേണ്ടി വന്നു. മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ ഭാര്യയും മക്കളും 80 വയസ്സുള്ള മാതാവും സഹോദരിമാരും അലമുറയിട്ടതോടെ കണ്ടുനിന്നവരുടെ കണ്ണുകളും നിറഞ്ഞു.
വീട്ടിലെ ശുശ്രൂഷക്കുശേഷം മത്തായിയെ തെളിവെടുപ്പിനു കൊണ്ടുപോയ മണിയാർ-കുടപ്പനകുളം വനത്തിലൂടെയുള്ള വഴിയിൽ കൂടി തന്നെ വിലാപയാത്രയായി നാലുമണിയോടെ കുടപ്പനകുളത്ത് കുടുബവീട്ടിൽ പൊതുദർശനത്തിനുെവച്ചു. തുടർന്ന് വീടിനു സമീപത്തു തന്നെയുള്ള സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ശുശ്രൂഷക്കുശേഷം സംസ്കാരം നടത്തി.
ഭാര്യ ഷീബമോളുടെ ഹരജിയിൽ ഹൈകോടതി നിർദേശപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുത്തു അന്വേഷണം തുടങ്ങിയ ശേഷമാണ് മത്തായിയുടെ മൃതദേഹം സംസ്കരിക്കാൻ കുടുംബം തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.