മാസപ്പടി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി മാത്യു കുഴൽ നാടൻ

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ വിജിലൻസിന് പരാതി നൽകി. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി വിജിലൻസ് ഡയറക്ടർക്ക് നേരിട്ടാണ് നൽകിയത്. പരാതിക്കൊപ്പം തെളിവുകളും കൈമാറിയെന്നും ‘പി.വി’ എന്നാൽ പിണറായി വിജയനാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴൽനാടൻ വിജിലൻസ് ഡയക്ടറെ കണ്ടശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്‍റെ ഉത്തരവിൽ കാണുന്ന ‘പി.വി’ പരാമര്‍ശം മുഖ്യമന്ത്രി തള്ളിയതിന് പിന്നാലെയാണ് അത് പിണറായി വിജയൻ തന്നെയെന്ന് നിയമപരമായി തെളിയിക്കുമെന്ന കുഴൽനാടന്‍റെ വെല്ലുവിളി. മാസപ്പടി വെറും ആരോപണമല്ല, നടന്നത് വലിയ അഴിമതിയാണ്. അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയൽപെടുത്തി മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം. അതിനാവശ്യമായ രേഖകളും തെളിവുകളും വിജിലൻസ് ഡയറക്ടര്‍ ടി.കെ. വിനോദ് കുമാറിന് നേരിട്ട് സമര്‍പ്പിച്ചു.

ആരോപണം ഉന്നയിച്ചത് പുകമറ സൃഷ്ടിക്കാനല്ല, ചോദിച്ച ചോദ്യങ്ങൾക്ക് പിണറായി വിജയൻ മറുപടി നൽകിയിട്ടില്ല. പി.വി എന്ന ചുരുക്കപ്പേരിന് അപ്പുറം വീണ വിജയന്‍റെ പിതാവെന്ന് കൂടി രേഖകളിലുണ്ട്. മുഖ്യമന്ത്രിക്കും മകൾക്കും എതിരായ കണ്ടെത്തലുകൾ സാധൂകരിക്കുന്ന സി.എം.ആർ.എൽ സി.ഇ.ഒയുടെ മൊഴിയുണ്ട്. ഇനി രണ്ടാംഘട്ട പോരാട്ടമാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മാസപ്പടി വിശദാംശങ്ങൾ പുറത്തുവന്നതുമുതൽ മുഖ്യമന്ത്രിക്കും സര്‍ക്കാറിനും സി.പി.എമ്മിനുമെതിരെ നിയമസഭക്കകത്തും പുറത്തും കുഴൽനാടൻ ശക്തമായ നിലപാടെടുത്തിരുന്നു.

ആദ്യഘട്ടത്തിൽ ഒറ്റയാൾ പോരാട്ടമായിരുന്നെങ്കിൽ ഇപ്പോൾ കൂടെ കോൺഗ്രസുണ്ടെന്നാണ് കുഴൽനാടന്‍റെ അവകാശവാദം. അതേസമയം, ഇടുക്കി ചിന്നക്കനാലിൽ മാത്യു കുഴൽനാടന്‍റെ ഭൂമി ഇടപാട് സംബന്ധിച്ച പരാതിയിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് മാസത്തിനകം പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് വിജിലൻസ് ഡയറക്ടറുടെ നിർദേശം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

'മാസപ്പടി ' ജനങ്ങൾക്ക് മുന്നിൽ എത്തിക്കാനും, മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും അഴിമതി, പൊതുജന മധ്യത്തിൽ തുറന്ന് കാണിക്കുന്നതിനും വേണ്ടിയിട്ടുള്ള പോരാട്ടമാണ് കഴിഞ്ഞ നാളുകളിൽ നടത്തി വന്നത്.വലിയൊരളവ് വരെ ഇതിന്റെ വസ്തുതകൾ പൊതുജനങ്ങൾക്ക് മുന്നിൽ എത്തിക്കാൻ കഴിഞ്ഞു എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് വേണ്ടി ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോ, അദ്ദേഹത്തിന്റെ മകളോ, അവരുടെ സംരക്ഷണം ഏറ്റെടുത്ത സിപിഎം എന്ന പാർട്ടിയോ തയ്യാറായിട്ടില്ല.നിയമസഭയിൽ ഈ വിഷയം ഞാൻ ഉന്നയിച്ചപ്പോഴും അങ്ങേയറ്റം ദുർബലമായ മറുപടി നൽകി ഒളിച്ചോടുന്നതിനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഒടുവിൽ പി വി ഞാനല്ലെന്ന് പോലും പറഞ്ഞ് തിരഞ്ഞെടുത്ത ജനങ്ങൾക്ക് മുന്നിൽ അപഹാസ്യനാകുന്ന മുഖ്യമന്ത്രിയെ നമ്മൾ കണ്ടു...

ഈ വിഷയം വഴിയിൽ ഉപേക്ഷിക്കരുതെന്നും ശക്തമായി തന്നെ മുന്നോട്ടു പോകണമെന്നും കേരളത്തിന്റെ പൊതുസമൂഹം എന്നോട് ആവശ്യപ്പെട്ടിരുന്നു..അന്ന് ഞാൻ പൊതു സമൂഹത്തിനു നൽകിയ വാക്കാണ് എന്നാൽ കഴിയുന്ന വിധം ആത്മാർത്ഥവും സത്യസന്ധവുമായി ഈ വിഷയവുമായി മുന്നോട്ടു പോകുമെന്നും.. ഏതറ്റം വരെയും പോരാടുമെന്നതും..

അതിന്റെ ഭാഗമായി ഇന്ന് ഞാൻ 'രണ്ടാംഘട്ട പോരാട്ടത്തിന്' തുടക്കം കുറിക്കുകയാണ്.മാസപ്പടി അഴിമതി വിഷയത്തിൽ കേരളത്തിലെ മുഖ്യമന്ത്രിക്കും മകൾക്കും എതിരായിട്ടുള്ള ഔദ്യോഗിക പരാതിയും അതുമായി ബന്ധപ്പെട്ട രേഖകളും ഇന്ന് വിജിലൻസ് ഡയറക്ടർക്ക് കൈമാറി..ഇനി നിയമ പോരാട്ടത്തിലേക്ക്.. ശേഷം പിന്നാലെ...

Tags:    
News Summary - Mathew Kuzhal nadan filed a complaint against the Chief Minister and his daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.