ഐസക് സാറേ.. അതിബുദ്ധി വേണ്ട.. കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂവെന്ന് മാത്യു കുഴൽനാടൻ, ഇനി സി.പി.എം സേവനം എന്ന വാക്ക് മിണ്ടരുത്...

തിരുവനന്തപുരം: സി.പി.എം നേതാവ​ും മുൻ മന്ത്രിയുമായ തോമസ് ഐസകിനെതിരെ രൂക്ഷമായി പ്രതികരിച്ച് മാത്യുകുഴൽ നാടൻ എം.എൽ.എ. തനിക്കെതിരെ സി.പി.എം ഉന്നയിച്ച ആരോപണങ്ങൾക്ക് വ്യക്തതവരുത്താൻ കണക്കുകൾ പരിശോധിക്കാൻ തോമസ് ഐസക്കിനെ ക്ഷണിച്ചുകൊണ്ട് നേരത്തെ മാത്യുകുഴൽ നാടൻ പ്രസ്താവനയിറക്കിയിരുന്നു. ഇതിനെതിരെ കണക്കപ്പിള്ള അല്ല സാമ്പത്തിക ശാസ്ത്രജ്ഞനാണെന്നായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം. ഇതിനെതിരെയാണ് ഐസക് സാറേ.. അതിബുദ്ധി വേണ്ട.. കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂവെന്ന പ്രതികരണവുമായി മാത്യൂ കുഴൽ നാടൻ രംഗത്ത് വന്നത്. ഫേസ് ബുക്കിലൂടെയാണ് കുഴൽ നാടൻ തന്റെ പ്രതികരണമറിയിച്ചത്.

കുറിപ്പി​െൻറ പൂർണ രൂപം

ഐസക് സാറേ.. അതിബുദ്ധി വേണ്ട.. കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതിനു മുമ്പേ വിധി പറയാൻ വെപ്രാളപ്പെടാതെ.. എ​െൻറ ഈ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് ( സംസ്ഥാനത്തി​െൻറ നികുതി വരുമാനം നോക്കുമ്പോൾ 15 ലക്ഷം രൂപ എന്നത് കൊണ്ടാണ് ആ വാക്ക് ഉപയോഗിച്ചത് ക്ഷമിക്കണം ) വേണ്ടിയാണ് എന്ന് കരുതണ്ട. വീണ CMRL ൽ നിന്നും വാങ്ങിയ തുക രണ്ട് കമ്പനികൾ തമ്മിലുള്ള സുതാര്യമായ ഇടപാടാണ് എന്നും, സേവനം നൽകിയതിന് വാങ്ങിയ പണമാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതിന് വേണ്ടിയിട്ടാണ് IGST കണക്കുകൾ പുറത്ത് കൊണ്ടുവരുന്നത്.

ഈ പറഞ്ഞ 1.72 കോടി രൂപയ്ക്കുള്ള നികുതി അടച്ചിട്ടില്ല എങ്കിൽ ഇനി സിപിഎം സേവനം എന്ന വാക്ക് മിണ്ടരുത്. മറിച്ച് മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ കൈക്കൂലി, അല്ലെങ്കിൽ മാസപ്പടി, അതുമല്ലെങ്കിൽ അഴിമതി പണം എന്നേ പറയാവൂ.. ഈ കാര്യം ഞാൻ ചോദിച്ചിട്ട് അങ്ങയുടെ സുഹൃത്ത് ബാലൻ ഇതുവരെ മറുപടിയൊന്നും പറഞ്ഞു കണ്ടില്ല. ഞാൻ മറുപടിക്കായി കാക്കുന്നു.. പിന്നെ അങ്ങ് സാമ്പത്തിക ശാസ്ത്രജ്ഞനാണ് കണക്കപ്പിള്ള അല്ല എന്ന് പറഞ്ഞല്ലോ. അങ്ങേയ്ക്ക് അക്കൗണ്ടൻസിയിൽ ഇല്ലാത്ത പ്രാവീണ്യം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് ഉണ്ട് എന്ന് പറയുന്നിടത്താണ് എന്റെ പ്രശ്നം. ഇനി അങ്ങ് ഇല്ലെങ്കിൽ അക്കൗണ്ടൻസി അറിയുന്ന ആരെയെങ്കിലും വിട്ടാലും ഞാൻ സ്വാഗതം ചെയ്യും.. അപ്പോ വാദം ഇനിയും തുടരാം..Now its your turn..

Tags:    
News Summary - mathew kuzhalnadan MLAs Facebook post against former minister Thomas Isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.