മാസപ്പടിക്കേസിലെ കോടതി വിധി നിരാശാജനകം; ആത്മവിശ്വാസത്തിന് കുറവില്ലെന്ന് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടിക്കേസിലെ വിജിലന്‍സ് കോടതി വിധി തിരിച്ചടിയെന്ന് സമ്മതിക്കുന്നതായി മാത്യു കുഴല്‍നാടന്‍ എം.എൽ.എ. വിധി നിരാശാജനകമാണ്. കോടതി നിരീക്ഷണങ്ങളോട് വിയോജിക്കുന്നു. എന്നാൽ, ആത്മവിശ്വാസത്തിന് കുറവില്ലെന്നും അപ്പീല്‍ നല്‍കുമെന്നും മാത്യു കുഴല്‍നാടന്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയും മകൾ വീണാ വിജയനും സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് മാസപ്പടി കൈപ്പറ്റിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ സമര്‍പ്പിച്ച ഹരജി പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കണ്ടെത്തി ഇന്നലെ തള്ളിയിരുന്നു. രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടെന്നും തെളിവിന് പകരം ആരോപണങ്ങൾ മാത്രമാണ് അവതരിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഹരജി തള്ളിയത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാത്രം അന്വേഷണം ആവശ്യപ്പെടുന്നത് രാഷ്ട്രീയപ്രേരിതമാണെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.

മിച്ചഭൂമി ക്രമപ്പെടുത്തുന്നത് സംബന്ധിച്ച് സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്ത സർക്കാറിന് അപേക്ഷ നൽകിയിരുന്നു. അപേക്ഷയിൽ തുടർനടപടി സ്വീകരിക്കണമെന്ന് മാത്രമാണ് മുഖ്യമന്ത്രി കുറിച്ചത്. ഇത് എല്ലാ മന്ത്രിമാരും ചെയ്യുന്നതാണ്. ബാക്കി നടപടി സ്വീകരിക്കേണ്ടത് അതത് വകുപ്പുകളാണ്. ഇതിൽ മുഖ്യമന്ത്രി ഇടപെട്ടെന്ന് പറയാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാത്രം അന്വേഷണം ആവശ്യപ്പെടുന്നതിനാൽ ഹരജി രാഷ്ട്രീയപ്രേരിതമെന്ന വിജിലൻസ് വാദം ബലപ്പെടുത്തുന്നു കോടതി ഉത്തരവ്. ആദായനികുതി വകുപ്പി‍െൻറ ഇന്‍ററിം സെറ്റിൽമെന്‍റ് റിപ്പോർട്ടിൽ സി.എം.ആർ.എൽ പണം നൽകിയെന്ന് കണ്ടെത്തിയതിൽ വിവിധ രാഷ്ട്രീയ പാർട്ടികളും നേതാക്കളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്. അതിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാത്രം അന്വേഷിക്കുന്നത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.

Tags:    
News Summary - Mathew Kuzhalnadan react to the verdict of Veena vijayan's Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.