കൊച്ചി: പി എസ് സി ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നീതിയാത്ര എന്ന പേരിൽ ബൈക്ക് യാത്ര നടത്തുമെന്ന് ഡോ. മാത്യു കുഴൽനാടൻ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
തിരുവനന്തപുരത്തെ PSC ഉദ്യോഗർത്ഥികളുടെ ആത്മഹത്യ ശ്രമം മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു. നീതിക്ക് വേണ്ടി യാചിക്കുന്ന അവർക്കു ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഒരു സാഹസത്തിന് ഒരുങ്ങുകയാണ്.
നാളെ രാവിലെ 6 മണിക്ക് നീതി യാത്ര എന്ന പേരിൽ എറണാകുളത്തു നിന്നും തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നു. PSC ഉദ്യോഗാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്ന ആർക്കും കൂടെ കൂടാം.
ഇതിൽ രാഷ്ട്രീയമോ ജാതിയോ മതമോ ഒന്നുമില്ല..
ഉച്ചയ്ക്ക് 11.30 ന് തിരുവനന്തപുരത്ത് പി എസ് സി ഉദ്യോഗാർഥികളുടെ സമരപ്പന്തലിൽ യാത്ര അവസാനിക്കും. യാത്രയ്ക്കൊപ്പം പി എസ് സി ഉദ്യോഗാർഥികളടക്കം നൂറുകണക്കിന് യുവജനങ്ങളും അണിചേരുമെന്ന് അദ്ദേഹം അറിയിച്ചു.
പി എസ് സി യെ മറികടന്ന് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന പിൻ വാതിൽ നിയമനങ്ങളെ തുറന്നു കാണിക്കുന്നതിനും ഉദ്യോഗാർഥികൾക്ക് നീതി ഉറപ്പാക്കുന്നതിനുമായാണ് യാത്ര. റൈഡ് ഫോർ റൈറ്റ്സ് എന്നതാണ് യാത്രയുടെ മുദ്രാവാക്യം. അധികാരത്തിൻ്റെ ഇടനാഴികളിൽ കയറിക്കൂടി സരിത എസ്. നായർ പോലുള്ളവർ നടത്തുന്ന ഉപജാപങ്ങൾക്ക് കുട പിടിക്കുകയാണ് ഈ സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് മാത്യു പറഞ്ഞു. പി എസ് സി എന്നത് പിൻവാതിൽ സരിത കമ്മീഷനായെന്നും അദ്ദേഹം പരിഹസിച്ചു.
സി പി എം, ഡിവൈഎഫ്ഐ നേതാക്കളുടെ ബന്ധുക്കൾ റാങ്ക് ലിസ്റ്റുകൾ അട്ടിമറിച്ച് യൂണിവേഴ്സിറ്റികളിലടക്കം കയറിപ്പറ്റുന്ന ലജ്ജാകരമായ സംഭവങ്ങൾ അരങ്ങേറിയിട്ടും മുഖ്യമന്ത്രി അതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പി എസ് സി ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾക്ക് നിയമപരവും രാഷ്ട്രീയവുമായുള്ള പോരാട്ടങ്ങൾക്ക് ഇനിയും മുൻപന്തിയിലുണ്ടാകുമെന്ന് മാത്യു കുട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.