കോതമംഗലം: വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി മാത്യു കുഴൽനാടൻ എം.എൽ.എയുടെ തറവാട് സ്ഥലം റവന്യൂ അധികൃതർ അളന്നു. വെള്ളിയാഴ്ച് രാവിലെ 11ഓടെ കോതമംഗലം താലൂക്ക് ഓഫിസിലെ രണ്ട് സർവേയർമാരുടെ നേതൃത്വത്തിൽ അഞ്ചംഗസംഘമാണ് കടവൂർ വില്ലേജിലെ ആയങ്കരയിലുള്ള നാല് ഏക്കർ സ്ഥലം അളന്നത്. വൈകീട്ട് മൂന്നോടെ അളവ് പൂർത്തിയാക്കി ഉദ്യോഗസ്ഥ സംഘം മടങ്ങി.
ഉദ്യോഗസ്ഥർ എത്തും മുമ്പുതന്നെ എം.എൽ.എ മൂവാറ്റുപുഴയിലെ ഓഫിസിലേക്കും തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലേക്കും പോയിരുന്നു. റവന്യൂ ഉദ്യോഗസ്ഥർക്കൊപ്പം പൊലീസും സ്ഥലത്തെത്തി. അളന്ന ഭൂമിയുടെ സ്കെച്ചും പ്ലാനും തയാറാക്കി താലൂക്ക് സർവേയർ കോതമംഗലം ഭൂരേഖ തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. റിപ്പോർട്ട് തയാറാക്കാൻ സമയമെടുക്കുമെന്ന് ഭൂരേഖ തഹസിൽദാർ പറഞ്ഞു.
ആറുമാസം മുമ്പ് എം.എൽ.എയുടെ വീടിനോട് ചേർന്ന സ്ഥലത്ത് മണ്ണടിച്ചതുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ വിജിലൻസിന് പരാതി നൽകിയിരുന്നു. ഇതിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വിജിലൻസ് റവന്യൂ വകുപ്പിനോട് സ്ഥലം അളന്ന് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.
ആർക്കു വേണമെങ്കിലും സ്വത്തുവിവരങ്ങൾ പരിശോധിക്കാമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. തുറന്ന പുസ്തകമാണ് തന്റെ ജീവിതം. സർക്കാർ ഏജൻസിക്ക് കൂടുതൽ പരിശോധന വേണമെങ്കിൽ അതും നടത്തട്ടെ. പൊതുരംഗത്ത് സുതാര്യത ഉണ്ടാകണമെന്നാഗ്രഹിക്കുന്ന ആളാണ്. വീട്ടിൽ റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയെക്കുറിച്ച് പൊതുസമൂഹം വിലയിരുത്തട്ടെ. താൻ ആക്ഷേപം ഉന്നയിച്ചപ്പോഴല്ലേ വ്യക്തിപരമായ ആക്രമണങ്ങളുണ്ടായത്. അത് ജനം കാണുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുണ്ടോയെന്നും വ്യക്തമാക്കണം. വീണയുമായി ബന്ധപ്പെട്ട രേഖകൾ പുറത്തു വിടാൻ തയാറുണ്ടോയെന്നും അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാൻ അവസരം നൽകുമോയെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.