തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കരിമണൽ കമ്പനി കെ.എം.ആർ.എൽ മാസപ്പടി എന്തിന് നല്‍കിയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് തോട്ടപ്പള്ളിയില്‍ മൂന്നുവര്‍ഷമായി നടക്കുന്ന കരിമണൽ ഖനനമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. സി.എം.ആർ.എല്‍ കമ്പനിക്ക് യഥേഷ്ടം കരിമണല്‍ ലഭിക്കാന്‍ വഴിയൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ 2018ല്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗമാണെന്ന് മാത്യു വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തോട്ടപ്പള്ളിയിലെ കരിമണല്‍ ഇപ്പോഴും സി.എം.ആർ.എല്ലിന് ലഭിക്കുന്നത് ഈ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. മാസപ്പടിക്ക് കാരണമായ സേവനം ഇതാണ്. പ്രളത്തെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട സ്വാമിനാഥൻ കമീഷൻ പഠനത്തിന്റെ ഒരു പരാമർശമാണ് ഇതിനു കരുവാക്കിയത്. കുട്ടനാട്ടിലെ വെള്ളം ഒഴുകിപ്പോകാൻ കുട്ടനാട് മുതൽ സ്പിൽവേ വരെ കനാലിലെ തടസ്സം നീക്കി വൃത്തിയാക്കണമെന്ന് സ്വാമിനാഥൻ കമീഷൻ പറഞ്ഞിരുന്നു. അതിൽ പിടിച്ചാണ് സ്പിൽവേയിൽ നേരത്തേ സാമൂഹിക വനവത്കരണ പദ്ധതി പ്രകാരം വെച്ചുപിടിപ്പിച്ച കാറ്റാടി മരങ്ങൾ നീക്കി കരിമണൽ ഖനനത്തിന് പിണറായി സർക്കാർ കളമൊരുക്കിയത്. ദുരന്തനിവാരണ നടപടിയെന്ന പേരിൽ സി.എം.ആർ.എൽ കമ്പനിക്ക് കരിമണൽ കടത്താൻ സൗകര്യമൊരുക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. അതു വ്യക്തമാക്കുന്ന സർക്കാർ ഉത്തരവിന്റെ പകർപ്പ് കൈവശമുണ്ട്.
ഇക്കാര്യം തിരിച്ചറിഞ്ഞ നാട്ടുകാർ രംഗത്തുവന്നപ്പോൾ പുറക്കാട് ഗ്രാമപഞ്ചായത്ത് സി.എം.ആർ.എല്ലിന്റെ കരിമണൽ ഖനനം നിർത്തിവെക്കാൻ സ്റ്റോപ് മെമ്മോ നൽകി. എങ്കിലും സംസ്ഥാന സർക്കാറിന്റെ പിന്തുണയോടെ ഖനനം തുടരുകയാണ്.
കരിമണൽ മാസപ്പടി പ്രശ്നത്തിൽ മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയെങ്കിലും രണ്ടര മാസമായിട്ടും യാതൊരു പ്രതികരണവുമില്ല. തുടര്‍നടപടിയില്ലാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കുമെന്ന് മാത്യു കുഴല്നാടന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.