കോട്ടയം: ജീവിതം കഥകളിയോട് ചേർന്നുനിന്ന നെടുമുടി മാത്തൂർ തറവാട്ടിൽ പിറന്ന നാരായണ ഗോവിന്ദ കുഞ്ഞുപണിക്കർക്ക് അരങ്ങിൽ എത്താതിരിക്കാനാവില്ലായിരുന്നു. അരങ്ങിനൊപ്പം വളർന്ന കുഞ്ഞുപണിക്കർ 14ാം വയസ്സിൽ നെടുമുടി കുട്ടപ്പപണിക്കരുടെ കീഴിൽ കഥകളി പഠനമാരംഭിച്ചു. മൂന്നുവർഷങ്ങൾക്കുശേഷം 1957ൽ മാത്തൂർ ഭഗവതി സന്നിധിയിൽ 'പൂതനാമോക്ഷം' ലളിതയായി അരങ്ങേറ്റം കുറിച്ചു.
അപ്പോഴും കുഞ്ഞുപണിക്കർ തെൻറ ജീവിതം കഥകളിക്കൊപ്പമാകുമെന്ന് നിനച്ചിരുന്നില്ല. എന്നാൽ, അരങ്ങേറ്റശേഷമുള്ള അനുമോദനയോഗം ആ പതിനാലുകാരെൻറ ജീവിതത്തിെൻറ കളിവിളക്കായി. അനുമോദന പ്രസംഗത്തിൽ സ്കൂളിലെ പ്രധാന അധ്യാപകൻ നീലകണ്ഠപിള്ള 'നല്ല ഭാവിയുണ്ട് തുടർന്നും പഠിക്കണം' എന്ന് ഉപദേശിച്ചതോടെയാണ് കഥകളിയെ ജീവിതമായി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് നാരായണ ഗോവിന്ദ കുഞ്ഞുപണിക്കരിൽനിന്ന് ഗോവിന്ദൻ കുട്ടിയിലേക്ക് വളർന്ന മാത്തൂർ പലകുറി ഓർമിച്ചെടുത്തിട്ടുണ്ട്.
അരങ്ങിൽനിന്ന് അരങ്ങിലേക്കുള്ള യാത്രകൾക്കിടെ നാഗസ്വരവിദ്വാൻ അമ്പലപ്പുഴ ശങ്കരനാരായണപണിക്കരാണ് നാരായണ ഗോവിന്ദ കുഞ്ഞു പണിക്കർ എന്ന പേര് ചുരുക്കി 'മാത്തൂർ ഗോവിന്ദൻ കുട്ടി' എന്ന് വിളിച്ചത്. കഥകളി പ്രേമികൾ പിന്നെയും ചുരുക്കി- മാത്തൂരെന്ന് സ്നേഹത്തോടെ വിളിച്ചു.
അരങ്ങേറ്റത്തിനുശേഷം മൂന്നു വർഷംകൂടി നെടുമുടി കട്ടപ്പപണിക്കരുടെ കീഴിൽ മാത്തൂർ കഥകളി അഭ്യസിച്ചു. അദ്ദേഹമാണ് സ്ത്രീ കഥാപാത്രങ്ങളിൽ ഉറച്ചുനിക്കാൻ ഉപദേശിച്ചത്. കഥകളി വടക്കൻ ചിട്ട പഠിക്കണമെന്ന മോഹത്താൽ കുറിച്ചി കുഞ്ഞിപണിക്കരുടെയും അമ്പലപ്പുഴ ശേഖരെൻറയും കീഴിൽ മൂന്നുവർഷം അഭ്യസിച്ചു.
പിന്നീട് കേരളത്തിലുടനീളം കഥകളി അരങ്ങുകളിൽ അന്നത്തെ പ്രമുഖ ആശാൻമാരുടെ കൂടെ വലുതും ചെറുതുമായ വേഷങ്ങൾ ചെയ്ത് കഥകളി സ്ത്രീ വേഷ നടനായി. ഇതിനിടെ പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായരുടെ കീഴിൽ ആർ.എൽ.വി സ്കൂളിൽ ചേർന്ന് ഒരു വർഷം കഥകളി പഠിച്ചു. സ്ത്രീ കഥാപാത്രങ്ങൾക്ക് പുറമെ ദുര്യോധനത്തിലെ കൃഷ്ണൻ, നളചരിതം ഒന്നാം ദിവസം ഹംസം എന്നീ വേഷങ്ങളും കൈകാര്യം ചെയ്തു.
1967 സ്ത്രീ വേഷങ്ങളുടെ 'ആശാനായിരുന്ന' കുടമാളൂർ കരുണാകരൻ നായരുടെ മകൾ രാജേശ്വരിയെ വിവാഹം കഴിച്ചു. ഇേതാടെയാണ് നെടുമുടിയിൽനിന്ന് കുടമാളൂരിലേക്ക് പറിച്ചുനടപ്പെട്ടത്. കുടമാളൂർ കലാകേന്ദ്രത്തിനൊപ്പം ചേർന്ന് സ്ത്രീ കഥാപാത്രങ്ങൾ ഒന്നുകൂടി മിനുക്കി എടുത്ത അദ്ദേഹം ഏറെക്കാലം കുടമാളൂർ കലാകേന്ദത്തിൽ പ്രധാന അധ്യാപകനായി സേവനമനുഷ്ഠിച്ചു.
ഇക്കാലയളവിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് വടക്ക് കോട്ടയ്ക്കൽ ശിവരാമനും തെക്ക് മാത്തൂർ ഗോവിന്ദൻ കുട്ടിക്കുമായിരുന്നു ആവശ്യക്കാർ ഏറെ. സുന്ദര ബ്രാണനായിരുന്നു മാത്തൂരിെൻറ കളിവേദിയിലെ മാസ്റ്റർപീസ്. സുദേവൻ, നാരദൻ, ശുക്രാചാര്യൻ, കുന്തി, കാട്ടാള സ്ത്രീ എന്നിവയും കഥകളിപ്രേമികളുടെ ഹൃദയത്തിൽ മാത്തൂരിന് ഇടംനൽകി. വായനശീലവും കവിതകളിൽ ആഴത്തിലുള്ള അറിവും അദ്ദേഹത്തിന് സ്വന്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.