കണ്ണൂർ: ഭരണം നിലനിർത്തിയെങ്കിലും മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിന് കനത്ത തിരിച്ചടിയായി. ആകെയുള്ള 31 വാർഡുകളിൽ നേരത്തേ 28 സീറ്റുണ്ടായിരുന്ന ഇടതുമുന്നണി ഇക്കുറി 21ലേക്ക് ചുരുങ്ങി. യു.ഡി.എഫ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി ഏഴിൽനിന്ന് 14 ആയി വളർന്നു. കാൽനൂറ്റാണ്ടായി തുടരുന്ന ഭരണത്തിൽ മട്ടന്നൂരിൽ ഇടതുമുന്നണി ഇത്ര മെലിഞ്ഞിട്ടില്ല. യു.ഡി.എഫിന്റെ എക്കാലത്തെയും മികച്ച പ്രകടനമാണ് ഇക്കുറി ഉണ്ടായത്. തുടർഭരണ നേട്ടത്തിന് പിന്നാലെ, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കൈപൊള്ളിയ പിണറായി സർക്കാറിന് മട്ടന്നൂർ നഗരസഭയിലെ നിറംമങ്ങിയ വിജയം മറ്റൊരു പ്രഹരമാണ്.
രണ്ടാം പിണറായി സർക്കാറിന്റെ ജനപ്രീതിയുടെ ഗ്രാഫ് താഴേക്കെന്ന സൂചനകളാണ് ഇതു നൽകുന്നത്. ഇടതുകോട്ടയായ മട്ടന്നൂരിൽ അക്കൗണ്ട് തുറക്കുമെന്നുറപ്പിച്ച് പ്രചാരണം കൊഴുപ്പിച്ച ബി.ജെ.പി ഇക്കുറിയും വട്ടപ്പൂജ്യം എന്നത് മാത്രമാണ് ആശ്വാസം. എൽ.ഡി.എഫിന്റെ എട്ടു സീറ്റുകൾ ഇത്തവണ യു.ഡി.എഫ് പിടിച്ചെടുത്തു. പാർട്ടി ശക്തികേന്ദ്രങ്ങളായ മരുതായിയും മേറ്റടിയും ഇല്ലംഭാഗവും സി.പി.എമ്മിന് നഷ്ടപ്പെട്ടു. യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന ഒരു സീറ്റ് മാത്രമാണ് എൽ.ഡി.എഫിന് പിടിച്ചെടുക്കാനായത്.
കഴിഞ്ഞ തവണ ഒമ്പതു വാര്‍ഡില്‍ രണ്ടാംസ്ഥാനത്തായിരുന്ന ബി.ജെ.പി ഇത്തവണ മൂന്നു വാര്‍ഡിലെ രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷമായ 60,963 വോട്ടിന് സി.പി.എം സ്ഥാനാർഥി കെ.കെ. ശൈലജയെ ജയിപ്പിച്ച മണ്ഡലത്തിലാണ് മട്ടന്നൂർ നഗരസഭ.
ഒന്നരകൊല്ലത്തിനിപ്പുറം അവിടെ പാർട്ടി പിന്നോട്ടുപോയി. ഇത്തരമൊരു നിറംമങ്ങിയ വിജയം സി.പി.എം നേതൃത്വം പ്രതീക്ഷിച്ചതല്ല. നില മെച്ചപ്പെടുത്തുമെന്നായിരുന്നു ഉറച്ചവിശ്വാസം. അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങൾ പാർട്ടി അന്വേഷിക്കേണ്ടിവരുമെന്നുറപ്പ്. തിരിച്ചടിക്ക് പ്രാദേശികവും അല്ലാത്തതുമായ കാരണങ്ങളുണ്ട്. ഒന്നാം പിണറായി സർക്കാറിന്റെ താരമായ കെ.കെ. ശൈലജക്ക് നാട്ടുകാർ റെക്കോഡ് ഭൂരിപക്ഷം നൽകിയിട്ടും മന്ത്രിസഭയിൽ ഇടം ലഭിക്കാതെ പോയതിൽ ദുഃഖിക്കുന്നവർ പാർട്ടിക്കാരിലുമുണ്ട്. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരിക്കാം.
2017ൽ ഇടതുമുന്നണിക്ക് 28 സീറ്റ് കിട്ടിയപ്പോൾ ശൈലജയുടെ ഭർത്താവ് കെ. ഭാസ്കരൻ മാസ്റ്ററായിരുന്നു നഗരസഭ ചെയർമാൻ. ഭാസ്കരൻ മാസ്റ്റർ മാറിയതിനുശേഷം മുമ്പത്തെ നേട്ടം ആവർത്തിക്കാനാകാതെ പോയതും പാർട്ടിയിൽ ചർച്ചയാണ്. പ്രാദേശിക നേതൃത്വത്തിനെതിരായ വികാരമാണ് സി.പി.എമ്മിനേറ്റ തിരിച്ചടിയുടെ മറ്റൊരു കാരണം.
ഏരിയ നേതൃത്വത്തിനെതിരെ ജില്ല നേതൃത്വത്തിന് മുന്നിൽ പരാതികൾ ഒട്ടേറെയുണ്ട്. കണ്ണൂർ വിമാനത്താവളത്തിന്റെ തൊട്ടടുത്ത നഗരമാണ് മട്ടന്നൂർ. വിമാനത്താവള നഗരിയിൽ ഉണ്ടാകേണ്ട അടിസ്ഥാന വികസനംപോലും ഇവിടെ ഉണ്ടായിട്ടില്ല. വികസന മുരടിപ്പിന്റെ ആക്ഷേപം പൂർണമായും കാൽനൂറ്റാണ്ടായി ഭരിക്കുന്ന സി.പി.എമ്മിന്റെ ചുമലിലാണ്. അതും തെരഞ്ഞെടുപ്പിനെ ബാധിച്ച ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.