ആലപ്പുഴ: പോളിങ് ശതമാനത്തിൽ കുറവുണ്ടായിട്ടും ജയിക്കുമെന്നുറപ്പിച്ച മാവേലിക്കരയിൽ എൽ.ഡി.എഫ് കണക്കുതെറ്റി. തിരിച്ചടിയായത് ഭരണവിരുദ്ധവികാരം. സി.പി.ഐ സ്ഥാനാർഥി സി.എ. അരുൺകുമാറിന്റെ തോൽവിക്ക് കാരണമായത് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭരണവിരുദ്ധവികാരം തന്നെയാണെന്നാണ് സി.പി.ഐ നേതാക്കളുടെ വിലയിരുത്തൽ. സംസ്ഥാന സർക്കാറിന്റെ ഭരണത്തിനെതിരെ മാത്രമല്ല, കേന്ദ്രസർക്കാറിനെതിരെയുള്ള ജനവികാരവും പ്രതിഫലിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ എൻ.ഡി.എ വീണ്ടും വരരുതെന്ന് ആഗ്രഹിച്ചവർ കോൺഗ്രസിന് ആദ്യപരിഗണന നൽകി. ഇതിനൊപ്പം ന്യൂനപക്ഷവോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി. അതേസമയം, സംസ്ഥാനത്ത് ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിലും മികച്ച പോരാട്ടം നടത്താനായതിന്റെ ആശ്വാസത്തിലാണ് ഇടതുകേന്ദ്രങ്ങൾ. ഈമാസം 10ന് ചേരുന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവിൽ വിശദമായ തെരഞ്ഞെടുപ്പ് അവലോകനം നടക്കും.
നിലവിൽ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് ജനപ്രതിനിധികളാണ്. നാലുമന്ത്രിമാരുടെ തട്ടകത്തിലെ പോരാട്ടത്തിൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ച ജനപിന്തുണ കിട്ടുമെന്നാണ് എൽ.ഡി.എഫ് കരുതിയത്. ബൂത്തുതല കണക്കെടുപ്പിലും ഇതായിരുന്നു കണ്ടത്. 2019ൽ ഏഴ് നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫിനായിരുന്നു മേൽക്കൈ. കൊട്ടാരക്കര, മാവേലിക്കര, കുന്നത്തൂർ മണ്ഡലങ്ങൾ ഇടതിന് തിരിച്ചുപിടിക്കാനായി. ചെങ്ങന്നൂർ, കുട്ടനാട്, പത്തനാപുരം, ചങ്ങനാശ്ശേരി മണ്ഡലങ്ങളിൽ ഭൂരിപക്ഷം ഗണ്യമായി കുറക്കാനുമായി. പ്രതികൂല സാഹചര്യത്തിലും 25,000 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫും പ്രതീക്ഷിച്ചു. മത്സരഫലം വന്നപ്പോൾ അവരുടെ കണക്കുകൂട്ടലും തെറ്റി.
സംസ്ഥാനത്തെ പൊതു ട്രെൻഡിലൂടെയാണ് മാവേലിക്കരയും ചിന്തിച്ചതെന്നാണ് സി.പി.ഐയുടെ പ്രാഥമിക വിലയിരുത്തൽ. കേന്ദ്രത്തിനെതിരെയുള്ള ഭരണവിരുദ്ധവികാരം യു.ഡി.എഫിനെ തുണച്ചു. സംസ്ഥാന സർക്കാറിനെതിരെയുള്ള ഭരണവിരുദ്ധവികാരവും പ്രതിഫലിച്ചു. എൽ.ഡി.എഫ് ലീഡ് പ്രതീക്ഷിച്ച ചെങ്ങന്നൂർ, പത്തനാപുരം മണ്ഡലങ്ങൾ യു.ഡി.എഫിനൊപ്പം നിന്നു. 10,000 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ച മാവേലിക്കരയിൽ 6166 വോട്ടിന്റെ മുൻതൂക്കം മാത്രമാണ് ലഭിച്ചത്.
കേരള കോൺഗ്രസ് -എം സ്വാധീനത്തിൽ ചങ്ങനാശ്ശേരിയിലെ ഭൂരിപക്ഷം കുറക്കാമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഏഴ് നിയമസഭ മണ്ഡലങ്ങളിൽ കൊടിക്കുന്നിലിന് ഏറ്റവും കുടുതൽ വോട്ടിന്റെ ഭൂരിപക്ഷം (16450) കിട്ടിയത് ഇവിടെനിന്നാണ്. സ്ഥാനാർഥിയുടെ യുവത്വത്തിൽ ഊന്നിയുള്ള പ്രചാരണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ വികസനവിഷയങ്ങൾ മറന്നെന്നും വിമർശനമുണ്ട്. കുട്ടനാട്ടിലെ നെല്ലുസംഭരണത്തിലെ പാളിച്ചകളും കശുവണ്ടി മേഖലയിലെ പ്രതിസന്ധിയും
തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.