ഒരു ജനസമൂഹം നേരായി രീതിയിൽ മാറുന്നതിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണ്. ആദിവാസികളുടെ കാര്യത്തിൽ അത് പലപ്പോഴും അഭ്യാസം മാത്രമാകാറാണ് പതിവ്.
ആദിവാസി വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്നതിനായി ഏറെ പദ്ധതികളുണ്ടെങ്കിലും സ്കൂളിന്റെ പടി കാണാതെ അലയുന്ന വിദ്യാർഥികൾ നിരവധിയാണ്. പൊതു വിദ്യാഭ്യാസത്തിൽ ഇഴുകിചേരാനുള്ള ആദിവാസികളുടെ മടിയും, അവരെ പരിഗണിക്കാത്ത വിദ്യാഭ്യാസനയവുമാണ് തിരിച്ചടിയാവുന്നത്.
ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മുമ്പ് നടത്തിയ പഠനത്തിൽ ജില്ലയിലെ സ്കൂളുകളിൽനിന്ന് ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വർധിച്ചതായി കണ്ടെത്തിയിരുന്നു. പ്രൈമറി തലത്തിൽ 6.10 ശതമാനവും യു.പി.യിൽ 8.01, ഹൈസ്കൂൾ തലത്തിൽ 1.55 എന്നിങ്ങനെയാണ് കൊഴിഞ്ഞുപോക്കെന്നാണ് അന്നത്തെ പഠനം കണ്ടെത്തിയത്. ഗോത്രസാരഥിയും പിന്നീട് വന്ന വിദ്യാവാഹിനിയും എത്ര ഫലം ചെയ്തുവെന്ന ചോദ്യം ഉയരുകയാണ്.
അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഒരു പരിധി വരെ വിദ്യാർഥികൾ ക്ലാസുകളിൽ എത്താറുണ്ടെങ്കിലും ഒരു മാസം കഴിയുമ്പോൾ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് കൂടും. പണിയ വിഭാഗത്തിൽനിന്നുള്ള കുട്ടികളാണ് ക്ലാസ് മുറികളിൽ വരാൻ മടിക്കുന്നത്. വിദ്യാലയം തുറന്ന് തലയെണ്ണുന്ന ദിവസം വരെ അവരെ ശ്രദ്ധിക്കുകയും പിന്നീട് സാങ്കേതികത പറഞ്ഞ് അവഗണിക്കുകയുമാണ് പതിവ്.
ആദിവാസി വിദ്യാർഥികളെ സൗജന്യമായി വാഹനങ്ങളിൽ സ്കൂളുകളിൽ എത്തിക്കുന്ന പദ്ധതിയാണ് വിദ്യാവാഹിനി. എന്നാൽ, സ്കൂൾ തുറന്ന് ഒരു മാസം പിന്നിട്ടാലാണ് പല ഭാഗത്തും വിദ്യാവാഹിനി പദ്ധതി തുടങ്ങാറ്. മാനന്തവാടി നഗരസഭയിലും, തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിലും പദ്ധതി വൈകുന്നത് മുൻവർഷങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഒരു വർഷം കൃത്യമായി ഓടിയ വാഹനങ്ങൾക്ക് പണം നൽകാൻ വൈകുന്നതാണ് പലപ്പോഴും പദ്ധതി നിലക്കാൻ കാരണമാകുന്നത്. ഇതോടെ ജൂൺ മാസത്തെ പ്രാഥമിക പഠനം ആദിവാസി വിദ്യാർഥികൾക്ക് നഷ്ടപ്പെടുന്നു. വിദ്യാലയങ്ങളിൾ നിന്നും രണ്ടാം തരം പൗരന്മാരായാണ് ബഹുഭൂരിപക്ഷം ആദിവാസി കുട്ടികളും സ്കൂൾ വിദ്യാഭ്യസം കഴിഞ്ഞ് പടിയിറങ്ങുന്നത്. പത്തു വർഷം അധ്യാപകന്റെ മുന്നിലിരുന്നിട്ടും മലയാള അക്ഷരം പോലും അവർ പഠിക്കുന്നില്ലെങ്കിൽ സംവിധാനത്തിന് പോരായ്മകൾ ഉണ്ടെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മറുവശത്ത് സന്നദ്ധ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ചുരമിറങ്ങിയ പണിയ സമൂഹത്തിലെ വിദ്യാർഥികൾ ഉന്നത നിലകളിലെത്തിയ നിരവധി ഉദാഹരണങ്ങളുമുണ്ട്.
അർഹതയുണ്ടായിട്ടും അവസരം നിഷേധിക്കപ്പെട്ട് പഠന മോഹം ഉപേക്ഷിച്ച ഒട്ടനവധി വിദ്യാർഥികൾ വയനാട്ടിലെ ആദിവാസി ഊരുകളിൽ ഇപ്പോഴും ഉണ്ട്. മുമ്പ് സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് തേരമ്പറ്റ സ്വദേശിയായ വിപിന്‍ എന്ന വിദ്യാർഥിയുമായി ബന്ധപ്പെട്ട് വൻ ചർച്ച നടന്നിരുന്നു.
അർഹതപ്പെട്ട വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന ഒരു ജനതയുടെ പ്രതീകമായിരുന്നു അവൻ. ആദിവാസി വിദ്യാർഥികള്‍ക്കായുള്ള നല്ലൂര് നാട് എം.ആര്.എസ് സ്കൂളില്‍ നിന്ന് 2014ൽ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ഈ വിദ്യാർഥി ബിരുദ പഠനത്തിന് ഒരു സീറ്റ് കിട്ടാൻ കാത്തിരുന്നത് നാല് വർഷമായിരുന്നു. പഠനത്തിന് ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടപ്പോൾ ആ ആഗ്രഹം തന്നെ ഉപേക്ഷിച്ച് ജീവിതോപാധിക്കായി മറ്റു വഴികൾ തേടിയ വിപിൻ വലിയ ചർച്ചക്കാണ് അന്ന് വഴിവെച്ചത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വർഷം മുമ്പ് ആദിശക്തി സമ്മര്‍ സ്കൂള്‍ എന്ന ആദിവാസി വിദ്യാർഥി കൂട്ടായ്മ നടത്തിയ ഇടപെടലുകള്‍ വഴിയാണ് വിപിന്റെ തുടർ പഠനം സാധ്യമായത്.
1980 നവംബർ ഒന്നിന് രൂപവത്കൃതമായ ജില്ലക്ക് 40 വയസ് പൂർത്തിയായിട്ടും വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല. സർക്കാർ രേഖകളിൽ കാണുന്ന ആദിവാസി വിദ്യാർഥികളിലധികവും പാതിവഴിയിൽ കൊഴിഞ്ഞുപോകുകയാണ്.
ഉന്നതനിലവാരത്തിലുള്ള കെട്ടിടങ്ങൾ പണിതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും വിദ്യാഭ്യാസ രംഗത്ത് പുതുചരിത്രം രചിക്കുകയാണെന്ന് പറയുമ്പോഴും, വയനാട്ടിൽ നടക്കുന്ന വംശീയ വിവേചനം ആരുംകണ്ടില്ലെന്ന് നടിക്കുകയാണ്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ പട്ടികവര്‍ഗ വിദ്യാർഥികളുടെ എണ്ണത്തില്‍ മൂന്നില്‍ ഒരു ഭാഗം എല്ലാ വർഷവും വയനാട് ജില്ലയില്‍ നിന്നുള്ളവരാണ്.
ഏറ്റവും സീറ്റ് കുറവും ഈ ജില്ലയിൽ തന്നെയാണ് എന്നതും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. എസ്.എസ്.എൽ.സിക്ക് ശേഷം ഇഷ്ടവിഷയം പഠിക്കാൻ സാഹചര്യമില്ലാതെ ഇവർ നിരാശയിലാണ്. ഭൂരിപക്ഷം വിദ്യാർഥികളും, പ്രത്യേകിച്ചും പട്ടികവര്‍ഗത്തിലെ ദുര്‍ബല വിഭാഗങ്ങളിലെ കുട്ടികൾക്ക് ഇഷ്ട വിഷയങ്ങൾക്ക് സീറ്റ് കിട്ടുന്നില്ല. പ്ലസ്ടു തലത്തില്‍ ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് 90% വരെയാണ്. ബിരുദത്തിന്റെ സ്ഥിതി അതിലും ദയനീയമാണ്. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി ഉന്നതപഠനത്തിന് പോകാനാഗ്രഹിക്കുന്ന ആദിവാസി വിദ്യാർഥികളും ജില്ലയില്‍ നേരിടുന്നത് വലിയ രീതിയിലുള്ള അവഗണനകളാണ്.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.