തിരുവനന്തപുരം: കോർപറേഷൻ ആരോഗ്യവിഭാഗത്തിലെ താത്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ അധികാരപദവി ദുർവിനിയോഗം ചെയ്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് എൻ.എം. അൻസാരി ആവശ്യപ്പെട്ടു.
പതിനായിരക്കണക്കിന് തൊഴിൽരഹിതരായ ചെറുപ്പക്കാരെയാണ് ഇടതുപക്ഷ സർക്കാർ പിൻവാതിൽ നിയമനത്തിലൂടെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്. ഒഴിവുകൾ പി.എസ്.സിക്ക് വിടാതെ ഓരോ തസ്തികയിലേക്കും പാർട്ടി പ്രവർത്തകരെ തിരുകിക്കയറ്റുന്ന നടപടികളുടെ ആവർത്തനമാണ് കോർപ്പറേഷനിലും നടന്നത്. 295 താത്കാലിക തസ്തികകളിലേക്കാണ് പാർട്ടിക്കാരെ കയറ്റാൻ ലിസ്റ്റ് ചോദിച്ച് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ അയച്ച ഔദ്യോഗിക കത്ത് പുറത്ത് വന്നത്.
ആര്യാ രാജേന്ദ്രൻ മേയറായശേഷം കോർപ്പറേഷനിലെ അഴിമതി, കോഴ, സ്വജനപക്ഷപാതം, അനധികൃതനിയമനം, വീട്ടുകരം തട്ടിപ്പ്, അനധികൃതമായി കടകൾക്ക് അനുമതി നൽകൽ തുടങ്ങിയ വാർത്തകളാണ് നിരന്തരം പുറത്ത് വരുന്നത്. പട്ടികജാതി-പട്ടികവർഗ്ഗക്കാർക്ക് അനുവദിച്ച ഫണ്ട് നൽകാതെ വെട്ടിപ്പ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെയും നടപടി എടുക്കാത്തത് അഴിമതിയുടെ കൂത്തരങ്ങാക്കി കോർപ്പറേഷനെ സി.പി.എം മാറ്റിയിരിക്കുന്നു എന്നതാണ് വെളിവാക്കുന്നത്.
മേയറെ മുന്നിൽ നിർത്തി സി.പി.എം പിൻസീറ്റ് ഡ്രൈവിംഗ് നടത്തുന്നതിന്റ്റെ മറ്റൊരു തെളിവാണ് എസ്.എ.ടി ആശുപത്രിയിലെ 9 നിയമനങ്ങൾക്കായി നഗരസഭയിൽ നിന്ന് സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച മറ്റൊരു കത്ത്.
പൊതുജനത്തെ കഴുതകളാക്കി സ്വജനപക്ഷപാതവും അഴിമതിയും അധികാര ദുർവിനിയോഗവും ജനവഞ്ചനയും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ ആര്യാ രാജേന്ദ്രന് ഇനിയും മേയർ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും മേയർക്കെതിരെ കേസെടുക്കണമെന്നും വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കണമെന്നും മേയർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി തിങ്കളാഴ്ച കോർപറേഷനിലേക്ക് മാർച്ച് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.