കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് ആസൂത്രണ സമിതിയിൽ പുറത്തുള്ളവരെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നടന്ന ജനകീയ പ്രക്ഷോഭത്തിൽ ജനാധിപത്യപരമായി പ്രതിഷേധിച്ചവർക്കെതിരെ അക്രമം അഴിച്ചുവിട്ട പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ. പൊലീസ് മർദനത്തിൽ ഗുരുതര പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള സി.പി.എം മഴുവന്നൂർ ലോക്കൽ സെക്രട്ടറി കെ.എച്ച്. സുരേഷിനെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റക്കാരായ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.എൻ. മോഹനൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ജില്ല കമ്മിറ്റി അംഗം അഡ്വ. കെ.എസ്. അരുൺകുമാർ എന്നിവരും ആശുപത്രിയിലെത്തിയിരുന്നു. ബുധനാഴ്ച മഴുവന്നൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ആസൂത്രണ സമിതിയംഗമായ സാബു എം. ജേക്കബ് യോഗത്തിൽ പങ്കെടുക്കാനെത്തിയതിൽ പ്രതിഷേധിച്ചവരെയാണ് പൊലീസുകാർ തല്ലിയത്.
സുരേഷിെൻറ തലക്കും മൂക്കിനും പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തടിച്ചുകൂടിയതിന് 400ലധികം പേർക്കെതിരെയും എ.എസ്.ഐ ശിവദാസിനെ മർദിച്ച നാലുപേർക്കെതിരെയും ലാത്തിച്ചാർജുണ്ടായ സംഭവത്തിൽ ഒരുകേസുമുൾെപ്പടെ മൂന്ന് കേസുകൾ കുന്നത്തുനാട് പൊലീസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.