നൂതന ആശയങ്ങൾ ക്രിയാത്മകമായി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സാധിക്കണമെന്ന് എം.ബി രാജേഷ്

കൊച്ചി: നൂതന ആശയങ്ങൾ ക്രിയാത്മകമായ രീതിയിൽ നടപ്പിലാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കണമെന്ന് മന്ത്രി എം ബി രാജേഷ്. എറണാകുളം ജില്ലാ പഞ്ചായത്ത് ജനകീയ ആസൂത്രണം പദ്ധതി വഴി നടപ്പിലാക്കിയ മികവ്, കിരണം പദ്ധതികളുടെ ഗുണഭോക്തൃ സംഗമവും റിവൈവ് പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് ഇ- വേസ്റ്റ്. ഈ സാഹചര്യത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കി അർഹരായവർക്ക് എത്തിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ റിവൈവ് പദ്ധതി ന്യൂതനമായ ആശയമാണെന്നും മന്ത്രി പറഞ്ഞു.

മാലിന്യമുക്തമായ കേരളം സൃഷ്ടിക്കുക എന്നതാണ് സർക്കാരിൻ്റെ പ്രധാന നയം. ഇതിന് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വം ആവശ്യമാണ്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വ്യക്തികളുടെയും സമൂഹത്തിന്റെയും മനോഭാവത്തിൽ മാറ്റം വരണം.

മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടു പോകാതെ സംസ്കരിക്കാനുള്ള പദ്ധതികൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ബ്രഹ്മപുരത്തേക്ക് 180 ടൺ മാലിന്യങ്ങൾ എത്തിച്ചിരുന്ന സാഹചര്യത്തിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ 50 ടൺ മാലിന്യങ്ങളായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.

മാലിന്യ സംസ്കരണത്തിൽ ഏറ്റവും പ്രാധാന്യം തരംതിരിക്കലാണ്. ഇത് ഉറവിടത്തിൽ തന്നെ നടപ്പിലാക്കാൻ സാധിക്കണം. മാലിന്യങ്ങളുടെ ഉപയോഗം കുറച്ച് അവ പുനചക്രമണം, പുനരുപയോഗം എന്നിവ നടത്തുന്നതിനും സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് നവീകരിച്ച പ്രിയദർശിനി ഹാൾ, കോമ്പൗണ്ടിൽ നിർമ്മിച്ച പീപ്പിൾസ് ഗാർഡൻ എന്നിവയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് ഓഫീസ് സമ്പൂർണ്ണ ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ പ്രഖ്യാപനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് വിവിധ ട്രേഡുകളിൽ പരിശീലനം നൽകി തൊഴിലുറപ്പാക്കുന്ന മികവ് പദ്ധതിയുടെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.

Tags:    
News Summary - MB Rajesh said that local bodies should be able to implement innovative ideas creatively

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.