തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള സര്‍ജിക്കല്‍ സ്ട്രൈക്കാണെന്ന് എം.ബി രാജേഷ്

തിരുവനന്തപുരം :തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കേന്ദ്രബജറ്റില്‍ കുത്തനെ വെട്ടിക്കുറച്ചത് രാജ്യത്തെ പാവങ്ങള്‍ക്ക് നേരെയുള്ള സര്‍ജിക്കല്‍ സ്ട്രൈക്കാണെന്ന് മന്ത്രി എം.ബി രാജേഷ്. കഴിഞ്ഞ വര്‍ഷത്തെ അത്രയും തൊഴിലാളികള്‍ക്ക് നിയമം അനുശാസിക്കുന്നത് പോലെ 100 ദിവസം തൊഴില്‍ നല്‍കണമെങ്കില്‍ ചുരുങ്ങിയത് 2.72 ലക്ഷം കോടി രൂപയെങ്കിലും വകയിരുത്തണമായിരുന്നു.

എന്നാല്‍ ആവശ്യമുള്ളതിന്‍റെ നാലിലൊന്നില്‍ താഴെയായി വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിച്ചുരുക്കുകയായിരുന്നു. അറുപതിനായിരം കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. ഈ ജനക്ഷേമപദ്ധതി ഇല്ലാതാക്കാൻ അധികാരമേറ്റനാള്‍ മുതല്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളില്‍ ഒടുവിലത്തേതാണ് ഇത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അനാവശ്യ നിയന്ത്രണങ്ങളിലൂടെ പദ്ധതി അട്ടിമറിക്കാൻ മോദി സര്‍ക്കാര്‍ ശ്രമിക്കുകയാണ്.

കോവിഡ് കാലത്ത് ലക്ഷക്കണക്കിന് പാവങ്ങള്‍ക്ക് ഉപജീവനത്തിന് ആശ്രയമായിരുന്നു തൊഴിലുറപ്പ് പദ്ധതി. ഗ്രാമീണ ജീവിത പ്രതിസന്ധിയുടെയും ഉയരുന്ന തൊഴിലില്ലായ്മയുടെയും പശ്ചാത്തലത്തില്‍, വിഹിതം കൂട്ടി പദ്ധതി വിപുലമാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരുന്നത്. രാജ്യത്തിന്‍റെ സമ്പത്തില്‍ നാല്‍പത് ശതമാനവും കയ്യടക്കി വെച്ചിരിക്കുന്ന അതിസമ്പന്നര്‍ക്ക് മേല്‍ കൂടുതല്‍ നികുതി ചുമത്തുകയും, ഇങ്ങനെ ശേഖരിക്കുന്ന വിഭവങ്ങള്‍ പാവങ്ങളെ സഹായിക്കുന്ന തൊഴിലുറപ്പ് പോലെയുള്ള പദ്ധതികളില്‍ വിനിയോഗിക്കുകയായിരുന്നു വേണ്ടത്. മോദി സര്‍ക്കാരിന്‍റെ ഭരണ വര്‍ഗ താൽപര്യവും പാവങ്ങളോടുള്ള സമീപനവുമാണ് തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചതിലൂടെ കാണാനാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - MB Rajesh said that the cut in the employment guarantee is a surgical strike against the poor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.