കൊച്ചി : സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളിലെ കാലതാമസം ഒഴിവാക്കപ്പെടേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി എം. ബി രാജേഷ്. ഗോശ്രീ ഇൻലാൻഡ് വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ എളങ്കുന്നപ്പുഴ മുരിക്കുംപാടത്ത് കേരള വാട്ടർ അതോറിറ്റി നിർമിച്ച ജലസംഭരണിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതികൾക്ക് കാലതാമസമുണ്ടാകുമ്പോൾ രണ്ട് ബുദ്ധിമുട്ടുകളാണ് പ്രധാനമായും സംഭവിക്കുന്നത്. പദ്ധതിയുടെ യഥാർത്ഥ ഗുണഫലം യഥാസമയം ജനങ്ങൾക്ക് ലഭിക്കാതെ വരികയും ചെലവ് വർധിക്കുകയും ചെയ്യുന്നു. ചെലവ് വർധിക്കുന്നത് വഴി സർക്കാരിന് അധിക ബാധ്യതയും ഉണ്ടാകുന്നു. അതു കൊണ്ട് പദ്ധതികൾ യഥാസമയം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ ഇടപെടലുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരുന്നു. 5.09 കോടി രൂപ മുതൽമുടക്കിൽ നിർമിക്കുന്ന സംഭരണിയുടെ ശേഷി 11.80 ലക്ഷം ലിറ്ററാണ്. എളങ്കുന്നപ്പുഴ, കൊച്ചി കോർപറേഷൻ പരിധിയിലെ ഫോർട്ട് വൈപ്പിൻ എന്നീ സ്ഥലങ്ങളിലേക്ക് ജലമെത്തിക്കുക എന്നതാണ് ജല സംഭരണിയുടെ ലക്ഷ്യം. പുതുവൈപ്പ് സംഭരണിയിൽ നിന്നാണ് മുരിക്കുംപാടത്തേക്ക് വെള്ളമെത്തിക്കുന്നത്.
ജിഡയുടെ നേതൃത്വത്തിൽ എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, ഫോർട്ട് വൈപ്പിൻ പ്രദേശങ്ങളിലെ ജലവിതരണം സുഗമമാക്കുന്നതിനായി വിപുലമായ പദ്ധതികളാണ് വാട്ടർ അതോറിറ്റി ആവിഷ്കരിച്ചിട്ടുള്ളത്. 56.85 കോടി രൂപയുടെ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.