കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുമെന്ന് എം.ബി രാജേഷ്

കൊച്ചി: കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം.ബി. രാജേഷ്. വൈപ്പിന്‍ നിയോജക മണ്ഡലതല നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് സമ്പൂർണ ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കും.

ഇന്റര്‍നെറ്റ് ഒരു പൗരന്റെ അവകാശമായി പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. പ്രഖ്യാപിക്കുക മാത്രമല്ല സൗജന്യമായും മിതമായ നിരക്കിലും സാധാരണക്കാര്‍ക്ക് ഇന്റര്‍നെറ്റ് കെ ഫോണ്‍ പദ്ധതി വഴി ലഭ്യമാക്കാന്‍ തുടങ്ങി. കെ സ്മാര്‍ട്ട് സംവിധാത്തിലൂടെ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സര്‍ക്കാര്‍ സേവനങ്ങള്‍ ഓരോന്നായി വിരല്‍ത്തുമ്പില്‍ എത്തിച്ചു വരികയാണ്. മറ്റ് സംസ്ഥാനങ്ങളും ഈ മാതൃകയെ പിന്തുടരാന്‍ രംഗത്ത് വന്നിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കാനും സര്‍ക്കാരിനായി. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും കേരളത്തിലാണ് സ്ഥാപിതമായത്. അത്തരത്തില്‍ നൂതന സാങ്കേതിക വിദ്യകളെകൂടി കോര്‍ത്തിണക്കിയാണ് നവ കേരളനിര്‍മ്മിതി സാധ്യമാക്കുന്നത്.

നവകേരളം മാലിന്യമുക്തമാകണം എന്ന ലക്ഷ്യം കൂടി സര്‍ക്കാരിനുണ്ട്. അതിനായി വിപുലമായ കര്‍മ്മപദ്ധതി രൂപപ്പെടുത്തിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഒരിക്കലും പരിഹരിക്കപ്പെടില്ല എന്ന് കരുതിയിരുന്ന കൊച്ചിയിലെ മാലിന്യ പ്രശ്‌നത്തിനും പരിഹാരമാകുകയാണ്. കൊച്ചിയിലെ റോഡുകള്‍ വൃത്തിയാക്കുന്നതിന് അത്യാധുനിക നിലവാരത്തിലുള്ള രണ്ട് റോഡ് സ്വീപ്പിങ് മെഷീനുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായി മന്ത്രി വേദിയില്‍ അറിയിച്ചു.

രണ്ടുമണിക്കൂറിനകം കൊച്ചി നഗരത്തിലെ 35 കിലോമീറ്റര്‍ ദൂരം റോഡ് വൃത്തിയാക്കാന്‍ ശേഷിയുള്ളവയാണ് ഈ മെഷീനുകള്‍. വെള്ളക്കെട്ടില്ലാത്ത കൊച്ചി ഒരു സ്വപ്നമായിരുന്നു എങ്കില്‍ ഇപ്പോഴത് യാഥാർഥ്യമാണ്. ബി.പി.സി.എല്ലിന്റെ 100 കോടി മുതല്‍മുടക്കുള്ള മാലിന്യ സംസ്‌കാരണ പ്ലാന്റ് ഒരു വര്‍ഷത്തിനകം യാഥാർഥ്യമാകുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ കൊച്ചിയിലെ ജൈവ മാലിന്യ പ്രശ്‌നത്തിന് സമ്പൂർണ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - MB Rajesh will make Kerala a digital state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.