തിരുവനന്തപുരം: ഹാദിയയെ കാണാൻ സംസ്ഥാന വനിതകമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ വൈക്കത്ത് വീട്ടിൽ നേരിട്ടെത്തിയെങ്കിലും പിതാവ് അനുവദിച്ചിെല്ലന്ന് കമീഷൻ. മകളെ കാണാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായി കമീഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. മകളെ സുപ്രീംകോടതിയിൽ ഹാജരാക്കാനുള്ള യാത്ര വിമാനത്തിലാക്കണമെന്ന് ആവശ്യപ്പെടാനും സുരക്ഷാ കാര്യങ്ങളുടെ വിശദാംശങ്ങൾ മനസ്സിലാക്കാനുമാണ് നേരിട്ടെത്തിയതെന്നും വിമാനയാത്രച്ചെലവ് കമീഷൻ വഹിക്കാൻ തയാറാണെന്നും എം.സി. ജോസഫൈൻ അറിയിച്ചു. യാത്രയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും കമീഷൻ യാത്രച്ചെലവ് നൽകേണ്ടതില്ലെന്നുമാണ് പിതാവ് നിലപാടെടുത്തത്. കമീഷൻ അംഗം അഡ്വ. എം.എസ്. താരയോടൊപ്പമാണ് തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ ചെയർപേഴ്സൺ വൈക്കത്തെ വീട്ടിലെത്തിയെതന്നും കമീഷൻ അറിയിച്ചു.
തെൻറ അഭിപ്രായം കേൾക്കാതെ കേസിൽ കേരള വനിത കമീഷൻ സുപ്രീംകോടതിയിൽ കക്ഷി ചേർന്നത് ശരിയായില്ലെന്നും ദേശീയ വനിത കമീഷൻ അധ്യക്ഷയെ മാത്രമേ മകളെ കാണാൻ അനുവദിച്ചിട്ടുള്ളൂവെന്നും പിതാവ് അശോകൻ പറഞ്ഞു. യുവതിയുടെ അവകാശം സംരക്ഷിക്കാനാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും അക്കാര്യത്തിൽ ശരിയായ നിലപാടുതന്നെയാണ് കമീഷൻ സ്വീകരിച്ചതെന്നും ചെയർപേഴ്സൺ പറഞ്ഞു. ദേശീയ കമീഷൻ അധ്യക്ഷയുടെ സന്ദർശനംകൊണ്ട് യുവതിക്ക് എന്തു സ്വാതന്ത്ര്യമാണ് ലഭിച്ചതെന്നും അവർ ചോദിച്ചു. പിതാവിെൻറ അനുവാദത്തോടെ മാത്രമേ പ്രായപൂർത്തിയായ മകളെ കാണാൻ കഴിയൂ എന്ന സ്ഥിതി തുടരുന്നത് ആശാസ്യമല്ല. ഈ നിലപാട് തിരുത്തണം. സംസ്ഥാന വനിത കമീഷൻ അധ്യക്ഷ സന്ദർശിക്കുന്നതു വഴി മകൾക്ക് എന്തു സുരക്ഷാ ഭീഷണിയാണുണ്ടാകുന്നതെന്ന് വ്യക്തമാക്കണമെന്നും എം.സി. ജോസഫൈൻ ആവശ്യപ്പെട്ടു.
യുവതിക്ക് നേരിട്ട് സംരക്ഷണം നൽകുന്ന വനിതാ പൊലീസുകാരിൽനിന്ന് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. ഡൽഹിയിലേക്കുള്ള യാത്രയിൽ മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊലീസ് കൈക്കൊണ്ട നടപടികളെക്കുറിച്ച് ജില്ല പൊലീസ് മേധാവിയിൽനിന്ന് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡയറക്ടർ വി.യു. കുര്യാക്കോസ് സംഘത്തെ അനുഗമിച്ചു. സുഹൃത്തുക്കളുമായി സഹവസിക്കാൻ കഴിയാത്ത വിധം വീടിനുള്ളിൽ കടുത്ത നിയന്ത്രണങ്ങളാണ് യുവതി നേരിടുന്നതെന്ന് ബോധ്യമായതായി കമീഷൻ അധ്യക്ഷ അറിയിച്ചു. സ്വന്തം വിശ്വാസവും ജീവിതവും തെരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകിയിട്ടുണ്ട്. കോടതി നിർദേശങ്ങൾക്കുവിരുദ്ധമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ഇക്കാര്യങ്ങൾ സുപ്രീംകോടതിയിൽ ബോധിപ്പിക്കുമെന്നും അവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.