എം.സി. ജോസഫൈൻ അന്തരിച്ചു

കണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും വനിത കമീഷൻ മുൻ അധ്യക്ഷയുമായ എം.സി. ജോസഫൈൻ (74) അന്തരിച്ചു. ഉച്ചക്ക് ഒന്നരയോടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പാർട്ടി കോൺഗ്രസ് വേദിയിൽവെച്ച്​ ശനിയാഴ്ച വൈകീട്ടാണ്​​ ഹൃദയാഘാതമുണ്ടായത്. ഉടൻ കണ്ണൂർ എ.കെ.ജി ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആരോഗ്യനില അപകടകരമല്ലെന്ന്​ ആശുപത്രി അധികൃതർ നേരത്തേ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഗുരുതരമാകുകയായിരുന്നു.

ജോസഫൈന്റെ മൃതദേഹം ഞായറാഴ്ച വൈകീട്ട് അഞ്ച് വരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പൊതുദർശനത്തിന് ​വെക്കും. തുടർന്ന് വിലാപയാത്രയായി അങ്കമാലിയിലേക്ക് കൊണ്ടുപോകും. മൃതദേഹം തിങ്കളാഴ്ച കളമശ്ശേരി മെഡിക്കൽ കോളജ് വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടുനൽകും.


ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ വൈസ്‌ പ്രസിഡന്‍റ്, സംസ്ഥാന പ്രസിഡന്‍റ്, വനിത വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2017 മുതൽ 2021 വരെയാണ് ജോസഫൈൻ വനിത കമീഷൻ അധ്യക്ഷ പദവി വഹിച്ചത്. നിലവിൽ മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗമാണ്‌.

വിദ്യാർഥി–യുവജന–മഹിള പ്രസ്ഥാനങ്ങളിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌. 1978ൽ സി.പി.എം അംഗത്വം ലഭിച്ചു. 1984ൽ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റിയംഗമാണ്‌. 1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ്‌ പ്രസിഡന്‍റായി.

സംസ്ഥാന വെയർഹൗസിങ്‌ കോർപറേഷൻ എംപ്ലോയീസ്‌ യൂണിയൻ (സി.ഐ.ടി.യു) സെക്രട്ടറിയും പ്രൈവറ്റ്‌ ഹോസ്‌പിറ്റൽ വർക്കേഴ്‌സ്‌ യൂണിയൻ (സി.ഐ.ടി.യു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്‌സഭ മണ്ഡലത്തിലേക്കും മത്സരിച്ചു.

1948 ആഗസ്‌ത്‌ മൂന്നിന്‌ മുരിക്കുംപാടം മാപ്പിളശേരി ചവര–മഗ്‌ദലേന ദമ്പതികളുടെ മകളായി ജനനം. വൈപ്പിൻ മുരിക്കുംപാടം സെന്‍റ് മേരീസ്‌ സ്‌കൂൾ, ഓച്ചന്തുരുത്ത്‌ സാന്താക്രൂസ്‌ ഹൈസ്‌കൂൾ, ആലുവ സെന്‍റ് സേവ്യേഴ്‌സ്‌ കോളജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്‌ കോളജിൽ നിന്ന്‌ മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. 13 വർഷം അങ്കമാലി നഗരസഭ കൗൺസിലറായിരുന്നു.

സി.ഐ.ടി.യു അങ്കമാലി ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പള്ളിപ്പാട്ട്‌ പി.എ മത്തായിയാണ്‌ ഭർത്താവ്‌. മകൻ: മനു പി. മത്തായി. മരുമകൾ: ജ്യോത്സന. പേരക്കുട്ടികൾ: മാനവ്‌ വ്യാസ്‌, കണ്ണകി വ്യാസ്‌.

Tags:    
News Summary - M.C. Josephine passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.