കൊച്ചി: വൻ വിവാദത്തിലേക്കും പ്രതിഷേധങ്ങളിലേക്കും വഴിതെളിച്ച് മി ടൂ വിഷയത്തിൽ നടൻ വിനായകന്റെ പ്രതികരണം. മി ടൂ എന്താണെന്നറിയില്ലെന്നും തനിക്ക് ലൈംഗികബന്ധത്തിലേർപ്പെടേണ്ടവരോട് ചോദിച്ചു ചെയ്യാറാണ് പതിവെന്നുമുൾപ്പെടെയുള്ള പ്രതികരണങ്ങൾക്കെതിരെയാണ് നിരവധി പേർ രംഗത്തെത്തുന്നത്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത, നവ്യ നായരും വിനായകനും മുഖ്യവേഷത്തിലെത്തുന്ന ഒരുത്തീ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിലാണ് സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടനിൽനിന്നുണ്ടായത്.
ഇതിനെതിരെ സിനിമ താരങ്ങളും ആക്ടിവിസ്റ്റുകളുമുൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വിനായകനെതിരെ മുമ്പ് ഉയർന്നുവന്ന ലൈംഗികാതിക്രമ ആരോപണം സംബന്ധിച്ച ചോദ്യത്തിനാണ് മി ടൂവിന്റെ ഉദ്ദേശ്യശുദ്ധിയെയും ലൈംഗികബന്ധത്തിലെ ഉഭയസമ്മതത്തെയും നിസ്സാരവത്കരിക്കുന്ന വിധത്തിലുള്ള മറുപടിയുണ്ടായത്. സ്ത്രീയുടെ പോരാട്ടം ചിത്രീകരിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട വേദിയിലാണ് ഇത്തരത്തിൽ സ്ത്രീവിരുദ്ധത നിറഞ്ഞ പ്രതികരണമുണ്ടായതെന്ന വൈരുധ്യവും പലരും ചൂണ്ടിക്കാണിക്കുന്നു. വനിത കമീഷൻ സ്വമേധയ കേസെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
സ്ത്രീയെക്കുറിച്ച വിനായകന്റെ കാഴ്ചപ്പാട് വികലമായെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ രംഗത്തെത്തി. നടൻ ഹരീഷ് പേരടിയും കടുത്ത ഭാഷയിലാണ് വിനായകനെതിരെ രംഗത്തെത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.