കൊച്ചി: വിദ്യാർഥികൾക്ക് മീസല്‍സ് റൂബെല്ല വാക്‌സിന്‍ നിര്‍ബന്ധമാക്കരുതെന്ന ഹരജിയിൽ ഹൈകോടതി സംസ്ഥാന സർക്കാറിെൻറ വിശദീകരണം തേടി. കോട്ടയം സ്വദേശി സെബാസ്റ്റ്യൻ തോമസ്, എറണാകുളം സ്വദേശി എന്‍. പി പ്രസാദ്, നിക്‌സണ്‍ മാത്യു, എൻ. പി പ്രമോദ് എന്നീ രക്ഷിതാക്കൾ നൽകിയ ഹരജിയിലാണ് ഉത്തരവ്. ഹരജിക്കാരുടെ മക്കൾക്ക് വാക്സിൻ നിർബന്ധമാക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ ശേഷമാണ് വിശദീകരണം തേടിയത്.
എറണാകുളം ജില്ലാ കലക്ടറുടെ യുനൈറ്റഡ് ഫോര്‍ ഹെല്‍ത്തി എറണാകുളം പദ്ധതി അടുത്തമാസം മൂന്നിന് തുടങ്ങാനിരിക്കുകയാണ്. എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്നും അനുമതി നല്‍കാത്ത രക്ഷിതാക്കളെ അറസ്റ്റ് ചെയ്യുമെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു.
വാക്‌സിനുകളുടെ ദോഷ ഫലങ്ങളെ കുറിച്ച് ലോക വ്യാപക ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇവിടെ ഇക്കാര്യം നിർബന്ധമാക്കുന്നത്. വാക്‌സിന്‍ മൂലം മരണങ്ങൾ ഉണ്ടായാൽ പോലും മറ്റു കാരണങ്ങൾ പറഞ്ഞ് തടിയൂരുകയാണ് സർക്കാർ ചെയ്യുന്നത്. കര്‍ശനമായ വ്യവസ്ഥയില്‍ വിദഗ്ധരായ ഡോക്ടര്‍മാരാണ് വാക്സിൻ നല്‍കേണ്ടത്. തങ്ങളുടെ അനുമതിയില്ലാതെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കരുതെന്നും അനുമതി നല്‍കാത്ത രക്ഷിതാക്കളെ അറസറ്റ് ചെയ്യരുതെന്നും വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുക്കരുതെന്നും ഹരജി ആവശ്യപ്പെടുന്നു.
ഹരജിക്കാരുടെ കുട്ടികളിൽ മുതിർന്ന ഒരാൾക്ക് നേരത്തെ മറ്റൊരു വാക്സിൻ നൽകി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായും വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവത്തില്‍ പ്രതിരോധ കുത്തിവെപ്പിന് ശേഷമുള്ള വിപരീത ഫലങ്ങൾ സംബന്ധിച്ച എ.ഇ.എഫ്.ഐ മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.
കേസ് പരിഗണിക്കവേ ഹരജിക്കാരുടെ മക്കള്‍ക്ക് നിര്‍ബന്ധിതമായി വാക്‌സിന്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഹരജിക്കാരുടെ മക്കളായ കോട്ടയം കടനാട് സെൻറ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെ പി. എസ് സിബിന്‍, എറണാകുളം കുറുപ്പംപടി സെൻറ് റീത്താസ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളായ എന്‍. പി അപര്‍ണ, എന്‍. പി അയന, മൂവാറ്റുപുഴ എച്ച്.എസിലെ ഏയ്ഞ്ചല്‍ നികസണ്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.