പാലക്കാട്: മദ്യനിരോധം മൗലികാവകാശ ലംഘനമാണെന്ന പട്ന ഹൈകോടതി വിധി നിരര്‍ഥകമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍. ലഹരിമുക്ത ഭാരതത്തിനായി നശാമുക്ത് ഭാരത് ആന്തോളന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭാരതയാത്രക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പട്ന ഹൈകോടതി വിധി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 47 പ്രകാരം രാജ്യത്തെ പൗരന്‍മാര്‍ക്ക് പോഷകാഹാരം ഉറപ്പു വരുത്തേണ്ട ബാധ്യതയാണ് സര്‍ക്കാറുകള്‍ക്കുള്ളത്. കുടുംബഭദ്രത തകര്‍ക്കുന്ന മദ്യം നിരോധിക്കുന്നത് ഒരിക്കലും മൗലികാവകാശ ലംഘനമാവുന്നില്ല. മദ്യം ഉള്‍പ്പെടെയുള്ള സകല ലഹരിവസ്തുക്കളുടേയും സമ്പൂര്‍ണ നിരോധമാണ് ആവശ്യം. ഇതിന് ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വം വേണം. ബിഹാറിലെ ലാലു-നിധീഷ് കൂട്ടുകെട്ടിന് ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുണ്ട്. മഹാരാഷ്ട്രയിലും ഗുജറാത്തിലും നിരോധമുണ്ടെങ്കിലും ഇത് പ്രാവര്‍ത്തികമാവാത്തത് ഭരണകൂടത്തിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്തതുകൊണ്ടാണ്. ഗുജറാത്തില്‍ മദ്യനിരോധനിയമം പാസാക്കപ്പെട്ടത് മൊറാര്‍ജി ദേശായിയുടെ കാലത്താണ്. മോദിക്ക് ഇതില്‍ ഒരു പങ്കുമില്ല. മദ്യനിരോധത്തില്‍ മോദിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മദ്യത്തിന് സമ്പൂര്‍ണ നിരോധം കൊണ്ടുവരണം.
ബാറുകള്‍ പൂട്ടുകയും സര്‍ക്കാറിന്‍െറ മദ്യവിപണന ഒൗട്ട്ലെറ്റുകള്‍ കുറച്ചുകൊണ്ടുവരികയും ചെയ്യാനുള്ള കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനം പ്രതീക്ഷ നല്‍കിയിരുന്നു. വി.എം. സുധീരന്‍െറ നിലപാട് ധീരമായിരുന്നു. എന്നാല്‍, മദ്യനിരോധത്തിനുള്ള ചുവടുകളില്‍നിന്ന് പിന്‍മാറാനാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ നീക്കം. ഇത് ജനാഭിലാഷത്തിന് വിരുദ്ധമാണ്. ഓണത്തിന് സര്‍ക്കാര്‍ ഒൗട്ട്ലെറ്റിലൂടെ പരമാവധി മദ്യം വിറ്റഴിച്ച നടപടി പ്രതിഷേധാര്‍ഹമാണ്. പ്ളാച്ചിമട സമരത്തിന് ഉള്‍പ്പെടെ നേതൃത്വം നല്‍കിയ ഇടതുമുന്നണി ജനവിരുദ്ധ നിലപാടുകളില്‍നിന്ന് പിന്‍മാറണമെന്ന് മേധാപട്കര്‍ പറഞ്ഞു.
മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഭാരതയാത്ര സംഘടിപ്പിച്ചത്. രാജ്യത്തിന്‍െറ നാലു ദിശകളില്‍നിന്ന് ആരംഭിച്ച യാത്ര ഒക്ടോബര്‍ 12ന് ഭോപ്പാലില്‍ മഹാറാലിയോടെ അവസാനിക്കും.
വിളയോടി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ഡോ. സുനിലം, ഈസാ ബിന്‍ അബ്ദുല്‍ കരീം, അഡ്വ. ശിവകുമാര്‍, ഗീത, ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, വി.സി. കബീര്‍, ഷാജഹാന്‍, എ.കെ. സുല്‍ത്താന്‍, കിണാവല്ലൂര്‍ ശശി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.