കൊച്ചി: പോളിസി ഉടമക്ക് മെഡിക്കൽ ഇൻഷുറൻസ് ക്ലെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി സേവനത്തിൽ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. എറണാകുളം ആലുവ സ്വദേശി രഞ്ജിത്ത് ആർ. യൂണിവേഴ്സൽ സോപോ ജനറൽ ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
2022 ആഗസ്റ്റ് മാസത്തിലാണ് പരാതിക്കാരന്റെ ഭാര്യയെ കഠിനമായ വയറുവേദന തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പിത്താശയത്തിൽ കല്ലുകൾ ഉള്ളതായി കണ്ടെത്തുകയും ശാസ്ത്രക്രിയ വേണമെന്ന് ഡോക്ടർ നിർദേശിക്കുകയും ചെയ്തു. അഞ്ച് ദിവസത്തെ ചികിത്സക്ക് ശേഷം രോഗി ആശുപത്രി വിട്ടു.
ചികിത്സയിനത്തിൽ 1.33 ലക്ഷം രൂപ പരാതിക്കാരന് ചെലവായി. ഈ തുകക്കായി എതിർകക്ഷിയായ ഇൻഷുറൻസ് കമ്പനിയെ രേഖാമൂലം അറിയിച്ചുവെങ്കിലും ഇൻഷുറൻസ് തുക നൽകാൻ കമ്പനി തയാറായില്ല. തുടർന്നാണ് ഇൻഷുറൻസ് തകയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ പരാതിക്കാരൻ സമീപിച്ചത്.
ഇൻഷുറൻസ് കമ്പനിയുടെ സേവനത്തിൽ ന്യൂനതയും ധാർമികമായ വ്യാപാര മാർഗവുമുണ്ടെന്ന് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് കണ്ടെത്തി. പരാതിക്കാരന്റെ ഭാര്യയുടെ ചികിത്സ ചെലവിനായി നൽകിയ 1.33 ലക്ഷം രൂപയും 40,000 രൂപ നഷ്ടപരിഹാരവും10,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം നൽകണമെന്ന് കോടതി ഇൻഷുറൻസ് കമ്പനിക്ക് ഉത്തരവ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.