തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രേവശന ഫീസിലെ അനിശ്ചിതത്വവും വിദ്യാർഥികൾ സീറ്റ് ഉപേക്ഷിച്ചുപോകുന്നതും തുടരുന്നതിനിടെ പ്രവേശന നടപടികൾ വ്യാഴാഴ്ച അവസാനിക്കുന്നു. 31ന് സ്പോട്ട് അഡ്മിഷൻ പൂർത്തിയാക്കാനാണ് കോടതി നിർദേശം. ബാങ്ക് ഗാരൻറിയുടെ പ്രശ്നം പരിഹരിക്കപ്പെട്ടാലും ഉയര്‍ന്ന വാര്‍ഷിക ഫീസ് താങ്ങാനാവാത്തതിനാലാണ് വിദ്യാര്‍ഥികളിൽ പലരും വൈദ്യപഠന മോഹം ഉപേക്ഷിച്ചുമടങ്ങിയത്.
വ്യാഴാഴ്ച രാവിലെ ഒമ്പതിന് കേരള റാങ്കിലെ 8001 മുതല്‍ 25600 വരെയും (എല്ലാകാറ്റഗറിയും) ഉച്ചക്ക് രണ്ടിന് 25600 മുതല്‍ മുകളിലേക്കുള്ളവര്‍ക്കും (എല്ലാ കാറ്റഗറിയും) സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
ബുധനാഴ്ച രാവിലെ ബാങ്ക് ഗാരൻറി ആവശ്യമില്ലെന്നറിയിച്ച ഏഴ് കോളജുകളിലേക്കാണ് ആദ്യം സ്പോട്ട് അഡ്മിഷന് നടന്നത്. അതില്‍ 1966 റാങ്കിന് അകത്തുള്ളവരെ പരിഗണിച്ചു. പിന്നീടുള്ള സീറ്റുകളിലേക്ക് 11 ലക്ഷമെന്ന താൽക്കാലിക വാര്‍ഷിക ഫീസിനാണ് പ്രവേശനംനടന്നത്. ചില കോളജുകളിലെ ന്യൂനപക്ഷ സീറ്റുകളിലും മറ്റു ചില കോളജുകളില്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവര്‍ക്കായി സമുദായ സീറ്റുകളിലേക്കും ഉള്ള വിദ്യാര്‍ഥികളെയും പരിഗണിച്ചു. പ്രവേശനംനൽകുന്ന വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന് ആരോഗ്യ സര്‍വകലാശാലയുടെ പോര്‍ട്ടല്‍ വ്യാഴാഴ്ച അധികസമയം നൽകാന് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സീറ്റുപേക്ഷിച്ച ശേഷം മടങ്ങിവന്ന ചില വിദ്യാര്‍ഥികള്‍ക്ക് സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനംലഭിച്ചു.
അതിനിടെ മൂന്ന് കോളജുകള്‍കൂടി ബാങ്ക് ഗാരൻറി വേണ്ടെന്ന് സർക്കാറിനെ അറിയിച്ചു. വെഞ്ഞാറമൂട് ഗോകുലം, തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച്, തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജുകളാണ് ആരോഗ്യമന്ത്രിയെ ഫോണില്‍ ഇക്കാര്യമറിയിച്ചത്. ബിലീവേഴ്സ് ചര്‍ച്ച് പകുതി കുട്ടികള്‍ക്കാണ് ഇളവ് അനുവദിക്കുക. കഴിഞ്ഞദിവസം കണ്ണൂര്‍, കരുണ, ഡി.എം വയനാട് (50 വിദ്യാര്‍ഥികള്‍ക്ക്) കോളജുകള്‍ ബാങ്ക് ഗാരൻറി വേണ്ടെന്ന് അറിയിച്ചിരുന്നു. ക്രിസ്ത്യന്‍ മാനേജ്മെൻറ് ഫെഡറേഷന് കീഴിലെ നാല് കോളജുകള്‍ അഞ്ചുലക്ഷമെന്ന ഫീസില്‍ തന്നെയാണ് പ്രവേശനം നടത്തുന്നത്. കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ സീറ്റ് തരപ്പെടുത്താമെന്ന വാഗ്ദാനവുമായി ഏജൻറുമാര്‍ പ്രവര്ത്തിക്കുെന്നന്ന വാര്‍ത്തകളെത്തുടര്‍ന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ അലോട്ട്മെൻറ് നടന്ന മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തിലേക്ക് മാര്‍ച്ച് നടത്തി. ഇത്തരം പരാതികള്‍ ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കുമെന്ന് പ്രവേശന പരീക്ഷ കമീഷണര്‍ അറിയിക്കുകയും കെ.എം.സി.ടിയുടെ കൗണ്ടറില്‍ അധികം ഉദ്യോഗസ്ഥരെ നിയമിക്കുകയുംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.