കോഴിക്കോട്: പാർട്ടിയെ പൊതുജന മധ്യത്തിൽ അപമാനിക്കുന്ന തരത്തിൽ മെഡിക്കൽ കോളജിലെ സുരക്ഷ ജീവനക്കാരെയും മാധ്യമ പ്രവർത്തകനെയും ആക്രമിച്ച ഡി.വൈ.എഫ്.ഐക്കാരെ പൊലീസ് അറസ്റ്റുചെയ്യാതിരുന്നത് രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി.
സംസ്ഥാന നേതാവായ കെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആക്രമണം അഴിച്ചുവിട്ട് അഴിഞ്ഞാടിയപ്പോൾ മൂക്കിന് താഴെയുള്ള പൊലീസ് കാഴ്ചക്കാരാവുന്നതാണ് ആദ്യം കണ്ടത്. മർദനമേറ്റ സുരക്ഷ ജീവനക്കാർ പരാതി നൽകിയെങ്കിലും മെഡിക്കൽ കോളജ് പൊലീസ് ആദ്യം രജിസ്റ്റർ ചെയ്തത് ആക്രമണം നടത്തിയവരുടെ നേതൃത്വത്തിൽ നൽകിയ പരാതിയിലെ കേസാണ്.
നേതാവിന്റെ ഭാര്യയോട് സുരക്ഷ ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നായിരുന്നു ഇവരുടെ പരാതി. ഭരിക്കുന്ന പാർട്ടിയുടെ യുവജന സംഘടനയുടെ ആക്രമണത്തിനെതിരെ വിവിധ കോണുകളിൽനിന്ന് വിമർശനമുയരുകയും ആക്രമണത്തിന്റെ പൂർണ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തതോടെയാണ് സുരക്ഷ ജീവനക്കാരുടെയും മാധ്യമ പ്രവർത്തകന്‍റെയും പരാതിയിൽ പൊലീസ് കേസെടുത്ത്.
ആദ്യഘട്ടത്തിൽ ദുർബല വകുപ്പുകൾ മാത്രമാണ് ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ പൊലീസ് ചുമത്തിയത് എന്നും പരാതിയുണ്ടായിരുന്നു.
ആക്രമണം സംസ്ഥാന തലത്തിൽതന്നെ ചർച്ചയായതോടെ പൊലീസ്, പ്രതികളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ വൈ.എം.സി.എ റോഡിനടുത്തുള്ളതായാണ് കാണിച്ചത്.
ഇതോടെ സി.പി.എം, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി ഓഫിസുകളിലൊന്നിൽ പ്രതികളുണ്ടെന്ന് സൂചന ലഭിച്ചെങ്കിലും ഓഫിസിൽ കയറാൻ പൊലീസ് ധൈര്യം കാണിച്ചില്ല.
ഇതിനിടെ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്നും അത് കോടതി പരിഗണിക്കുംവരെ അറസ്റ്റുണ്ടാവരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഭരണ നേതൃത്വത്തിന്റെ നിർദേശം വന്നതായാണ് വിവരം.
പിന്നാലെ പൊലീസ് അന്വേഷണം വീണ്ടും അയഞ്ഞു. പ്രതികളുടെ വീട്ടിൽ നടന്ന പരിശോധനയെല്ലാം പേരിനുമാത്രമായിരുന്നു. നഗരത്തിൽ തന്നെയായിരുന്നു ഇത്രയും കാലം പ്രതികൾ കഴിഞ്ഞിരുന്നത്. മുൻകൂർ ജാമ്യ ഹരജി തള്ളിയതിനുപിന്നാലെ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി. നിഖിൽ, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി.സി. ഷൈജു, ടൗൺ ബ്ലോക്ക് സെക്രട്ടറി ആർ. ഷാജി എന്നിവർക്കൊപ്പമെത്തിയാണ് ഇവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
പ്രതികളുടെ കീഴടങ്ങലിൽ നേതാക്കൾ ഒപ്പം വന്നതും സി.പി.എമ്മും ഡി.വൈ.എഫ്.ഐയും അക്രമത്തിൽ അപലപിക്കുകപോലും ചെയ്യാത്തതും ഇവർക്ക് ബന്ധപ്പെട്ടവരുടെ പൂർണ ഒത്താശയും സംരക്ഷണവും ലഭിച്ചതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
ഡി.വൈ.എഫ്.ഐ നേതാക്കളുടെ കീഴടങ്ങലിലും പൊലീസ് ഒത്താശ
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ആക്രമണം നടത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളുടെ കീഴടങ്ങൽ പോലും പൊലീസ് ഒത്താശയിൽ. ചൊവ്വാഴ്ച ജില്ല സെഷൻസ് കോടതി ഒന്നാംപ്രതി കെ. അരുൺ ഉൾപ്പെടെയുള്ളവരുടെ മുൻകൂർജാമ്യം തള്ളിയത് പൊലീസ് അറിഞ്ഞിട്ടുപോലും പ്രതികളെ അറസ്റ്റ് ചെയ്യാൻ ശ്രമമുണ്ടായില്ല. 11.10ഓടെയാണ് ജാമ്യം തള്ളിയ വിധിവന്നത്. ഇതോടെ പാർട്ടി നേതൃത്വം തന്നെ പ്രതികൾ ഉടൻ കീഴടങ്ങുമെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നിട്ടും പൊലീസ് കാഴ്ചക്കാരാവുന്നതാണ് കണ്ടത്.
പ്രതികൾ കീഴടങ്ങുമെന്ന സൂചന കിട്ടിയതോടെ മാധ്യമപ്രവർത്തകർ നടക്കാവ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയെങ്കിലും ഇവിടെ കീഴടങ്ങുമെന്ന് തോന്നുന്നില്ലെന്നായിരുന്നു പൊലീസുകാരുടെ മറുപടി.
കൃത്യം 2.45ന് പ്രതികൾ വെള്ള ഇന്നോവ കാറിൽ നടക്കാവ് സ്റ്റേഷനിൽ വന്നിറങ്ങി. 2.48 ആയപ്പോഴേക്കും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത മെഡിക്കൽ കോളജ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ബെന്നി ബാലു നടക്കാവ് സ്റ്റേഷനിലെത്തി.
ഇദ്ദേഹം നടക്കാവ് സ്റ്റേഷനിലുള്ളപ്പോൾ പോലും മാധ്യമപ്രവർത്തകരോട് പ്രതികൾ കീഴടങ്ങുന്നതിനെക്കുറിച്ച് അറിയില്ലെന്ന മറുപടിയാണ് നൽകിയത്.
ഈ വിധം പ്രതികളുടെ കീഴടങ്ങൽ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കാതിരിക്കാൻ വലിയ മുന്നൊരുക്കമാണുണ്ടായത്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന് മുന്നിൽ ചൊവ്വാഴ്ച യൂത്ത് ലീഗ് പ്രതിഷേധത്തിന് തീരുമാനിച്ചിരുന്നു. ഇതോടെയാണ് പ്രതികളുടെ കീഴടങ്ങൽ നടക്കാവ് സ്റ്റേഷനിലേക്ക് മാറ്റിയത്.
കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമ്പോൾ മുതൽ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നു. മെഡിക്കൽ കോളജിലെ സി.സി.ടി.വി ദൃശ്യങ്ങൾ, സൈബർ സെല്ലിന്റെ അന്വേഷണത്തിൽ പ്രതികൾ നഗരത്തിലുണ്ടെന്ന് വ്യക്തമായത്, മുൻകൂർ ജാമ്യം തള്ളി എന്നിവയെല്ലാമാണ് അട്ടിമറിക്കപ്പെടാൻ വലിയ ശ്രമങ്ങളുണ്ടായ കേസിൽ വഴിത്തിരിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.