അജിത്ത്

ചികിത്സാ പിഴവ്: കോ​​ഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർക്കെതിരെ കേസെടുത്തു

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് കോതിപ്പാലം സ്വദേശി അജിത്തിനാണ് സർജറി മാറി ചെയ്തത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിൻ്റെ കൈ പൊട്ടിയിരുന്നു. എല്ല് പൊട്ടിയതിനെ തുടർന്ന് കമ്പിയിട്ടതാണ് മാറി പോയത്. ചികിത്സാപിഴവുൾപ്പെടെയുള്ള വകുപ്പ് ചേർത്താണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്.

മറ്റൊരു രോഗിക്ക് നിർദേശിച്ച അളവിലുള്ള കമ്പി അജിത്തിന് നൽകുകയായിരുന്നു. എന്നാൽ, പിഴവ് പറ്റിയപ്പോൾ വീണ്ടും സർജറി നടത്താൻ ആവശ്യപ്പെട്ടതായും അജിത്തിൻ്റെ കുടുംബം പറയുന്നു. കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയ സാഹചര്യത്തിലാണ് കേസെടുത്തത്. ഇതിനിടെ, കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ വിദഗ്ധ സംഘം അന്വേഷണം തുടങ്ങി. ഡി.എം.ഇ നിയോഗിച്ച സംഘമാണ് അന്വേഷണം നടത്തുന്നത്.കുട്ടിയുടെ രക്ഷിതാക്കളിൽ നിന്ന് നാളെ വിവരം തേടും.

മഞ്ചേരി, വയനാട് മെഡിക്കൽ കോളജുകളിലെ മൂന്ന് ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് വകുപ്പുതല അന്വേഷണം നടത്തുന്നത്. മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഡയരക്ടറ്ററേറ്റാണ് സംഘത്തെ നിയോഗിച്ചത്. ഇന്നലെ മെഡിക്കൽ കോളജിൽ എത്തിയ സംഘം, ഓപറേഷൻ തിയേറ്ററിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ, നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ തുടങ്ങിയവരിൽ നിന്ന് മൊഴിയെടുത്തു.

കുട്ടിയുടെ രക്ഷിതാക്കളോടും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളോട് നാളെ രാവിലെ 10ന് മെഡിക്കൽ കോളജിൽ എത്താൻ നിർദേശിച്ചിരിക്കയാണ്. കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സന്റെ മൊഴിയും അടുത്ത ദിവസമെടുക്കും. നിലവിൽ സസ്പെൻഷനിലാണ് ഡോക്ടർ. 

Tags:    
News Summary - Medical malpractice: A case has been registered against the doctor of Kozhikode Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.