തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ മുന്നാക്ക സംവരണത്തിന് അർഹതയുള്ളവർ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ചിരട്ടിയിലധികം.
കഴിഞ്ഞ വർഷം മുന്നാക്ക സംവരണത്തിന് അർഹരായവരുടെ കാറ്റഗറി പട്ടികയിൽ ഇടംപിടിച്ചത് 324 പേരായിരുന്നെങ്കിൽ ഇത്തവണ പ്രവേശന പരീക്ഷ കമീഷണർ തയാറാക്കിയ പട്ടികയിൽ 1861 പേർ. കഴിഞ്ഞ വർഷം മുന്നാക്ക സംവരണത്തിന് സർക്കാർ മെഡിക്കൽ കോളജുകളിൽ 130 എം.ബി.ബി.എസ് സീറ്റുകൾ നീക്കിവെച്ചതോടെ കാറ്റഗറി പട്ടികയിലെ 324 പേരിൽ 140ാം സ്ഥാനത്തുള്ള വിദ്യാർഥിക്കും സർക്കാർ മെഡിക്കൽ കോളജിൽ അലോട്ട്മെൻറ് ലഭിച്ചിരുന്നു.
മെഡിക്കൽ പ്രവേശനത്തിനുള്ള കേരള റാങ്ക് പട്ടികയിൽ 8416ാം റാങ്കും 'നീറ്റ്' പട്ടികയിൽ 65830-ാം റാങ്കുമുള്ള വിദ്യാർഥിക്ക് വരെ മുന്നാക്ക സംവരണത്തിെൻറ ബലത്തിൽ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം തരപ്പെട്ടിരുന്നു. മെറിറ്റിനെയും ഇതര സംവരണ വിഭാഗങ്ങളെയും പിറകിലാക്കുന്ന രീതിയിൽ മുന്നാക്ക സംവരണത്തിന് സീറ്റ് ലഭിച്ചതോടെ ഇൗ വർഷത്തെ പട്ടികയിൽ കയറിക്കൂടാൻ കൂടുതൽ പേർ ശ്രമം നടത്തിയതോടെയാണ് കാറ്റഗറി പട്ടികയുടെ വലുപ്പം അഞ്ചിരട്ടിയിലധികമായത്. 130 സീറ്റുകൾ മുന്നാക്ക സംവരണത്തിന് നീക്കിവെച്ചത് വിവാദമായതോടെ ഇത്തവണത്തെ സീറ്റ് വിഹിതം തീരുമാനിക്കുന്നത് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആരോഗ്യവകുപ്പിെൻറ പരിഗണനക്ക് വിട്ടിരിക്കുകയാണ്.
കഴിഞ്ഞ വർഷം 130 സീറ്റ് അനുവദിച്ചതിൽ വീഴ്ചയുണ്ടെന്ന് ആരോഗ്യവകുപ്പിന് ബോധ്യപ്പെട്ടതായാണ് സൂചന. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് നിർണായകമാണ്. ഇൗ വർഷത്തെ സീറ്റ് വിഹിതം (മെട്രിക്സ്) സംബന്ധിച്ച് ഉത്തരവിറങ്ങാൻ വൈകിയാൽ അത് തിങ്കളാഴ്ച പ്രസിദ്ധീകരിക്കാനിരിക്കുന്ന ആദ്യ അലോട്ട്മെൻറിനെയും ബാധിക്കും.
മുന്നാക്ക സംവരണം ഒഴികെയുള്ള സീറ്റുകളിൽ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കാനുള്ള നിർദേശം ഉയർന്നെങ്കിലും ഇതിന് പ്രായോഗിക തടസ്സവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. മുന്നാക്ക സംവരണ പ്രകാരമുള്ള അലോട്ട്മെൻറ് പിന്നീട് നടത്താമെന്ന് തീരുമാനിച്ചാലും അതിനായി എത്ര സീറ്റുകൾ ഒഴിവാക്കിയിടണമെന്നത് പ്രശ്നമാണ്.
മാത്രമല്ല, മൊത്തം സീറ്റുകളുടെ എണ്ണം 1555 ആയി ഉയർന്നതിനാൽ അതിനനുസൃതമായ സീറ്റ് വിഹിതം എസ്.സി/എസ്.ടി, പിന്നാക്ക സംവരണ വിഭാഗങ്ങൾക്കുകൂടി വർധിപ്പിച്ചുനൽകേണ്ടിവരും. ഇൗ വർധന കഴിഞ്ഞ വർഷം അനുവദിക്കാതെയാണ് മുന്നാക്ക സംവരണ സീറ്റുകൾ നീക്കിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.