കൊച്ചി: വൃക്കരോഗിയായ നിർധന യുവാവിെൻറ ശസ്ത്രക്രിയക്കായി 10 ലക്ഷം രൂപ സമാഹരിക്കണമെന്ന ലക്ഷ്യം മാത്രമായിരുന്നു ഞായറാഴ്ച കടവന്ത്ര സെൻറ് ജോസഫ് പള്ളി ഇടവകയിലെ ഓരോ വീടുകളിലും കയറിയിറങ്ങുമ്പോൾ അവരുടെ മനസ്സു നിറയെ. എന്നാൽ, ആ ലക്ഷ്യവും കടന്ന് രണ്ടിരട്ടിയോളം തുക കിട്ടുമെന്ന് അവർ വിചാരിച്ചുകാണില്ല. നാടൊന്നാകെ കാരുണ്യത്തിെൻറ തെളിനീരുറവ ഒഴുകിയപ്പോൾ സ്വരൂപിക്കപ്പെട്ടത് 27.59 ലക്ഷം രൂപ. അതും വെറും മൂന്നു മണിക്കൂറിൽ.
കടവന്ത്ര സെൻറ് ജോസഫ് പള്ളിക്ക് സമീപം താമസിക്കുന്ന കൊപ്പനാലിൽ കെ.എ. ചാക്കോയുടെയും ട്രീസയുടെയും മകൻ കെ.സി. ആൻറണി എന്ന റിൻസണിെൻറ ചികിത്സക്കുവേണ്ടിയാണ് നാടാകെ കൈകോർത്തത്. തൃക്കാക്കര എം.എൽ.എ പി.ടി. തോമസ് ഉൾെപ്പടെയുള്ളവർ സംരംഭത്തിനായി മുന്നിട്ടിറങ്ങി.
33കാരനായ റിൻസണ് വൃക്ക നൽകുന്നത് സഹോദരി റിൻസിയാണ്. 24ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ. ശസ്ത്രക്രിയക്കായി 10 ലക്ഷം രൂപയുണ്ടാക്കുകയെന്നത് കുടുംബത്തിന് സങ്കൽപ്പിക്കാവുന്നതിലുമപ്പുറമായിരുന്നു. ഇതേ തുടർന്നാണ് പള്ളി വികാരി ഫാ. ബെന്നി മാരാംപറമ്പിൽ ധനസമാഹരണത്തിനായി മുന്നിട്ടിറങ്ങിയത്.
എം.എൽ.എ രക്ഷാധികാരിയും വികാരി ചെയർമാനുമായി ഇടവകയിലെ മുഴുവൻ കുടുംബങ്ങളെയും രാഷ്ട്രീയ പ്രവർത്തകരെയും െറസി.അസോസിയേഷനും ക്ലബുകളുമെല്ലാം ചേർത്ത് ജനകീയ സമിതി രൂപവത്കരിച്ചു. സമിതിയുടെ കീഴിൽ വിവിധ ഇടങ്ങളിലായി 17 പ്രാദേശിക സമിതികളും ഒരുങ്ങി. സംയുക്ത ബാങ്ക് അക്കൗണ്ടും തുടങ്ങി. ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ 12 വരെ മാത്രമായിരുന്നു ധനസമാഹരണം ലക്ഷ്യമിട്ടത്.
എം.എൽ.എ ഉൾെപ്പടെ വീടുകളിലേക്കെത്തുമ്പോൾ എല്ലാവരും ചെറുതും വലുതുമായ തുക കൈയിൽ പിടിച്ച് കാത്തിരിക്കുകയായിരുന്നു. നൂറുകണക്കിനാളുകൾ ഒത്തുപിടിച്ചപ്പോൾ ആ കാരുണ്യയജ്ഞം വലിയ വിജയമായി. പ്രതീക്ഷിച്ചതിലുമധികം തുക കിട്ടിയാൽ ഇതുപോലെ ദുരിതമനുഭവിക്കുന്ന രോഗികൾക്കായി ചെലവഴിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.