തിരുവനന്തപുരം: കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ വ്യക്തികളുടെ ആരോഗ്യ-പരിശോധന വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ വെബ്പോർട്ടലായ ഇ-ഹെൽത്തിൽനിന്ന് ഡിജിറ്റലായി പൊലീസിന് കൈമാറാൻ സർക്കാർ അനുമതി. പൊലീസിന്റെ ഡിജിറ്റൽ ഡേറ്റ ശൃംഖലയായ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്വർക്ക് സിസ്റ്റത്തിലേക്കാണ് (സി.സി.ടി.എൻ.എസ്) വിവരങ്ങൾ കൈമാറുക.
നിലവിൽ മെഡിക്കോ ലീഗൽ കേസുകളുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും ഡോക്ടറുടെ സാക്ഷ്യപ്പെടുത്തലുകളും കടലാസിലാണ് പൊലീസിന് കൈമാറുന്നത്. എന്നാൽ, കോടതിയിലടക്കം സമർപ്പിക്കുന്ന കേസ് വിവരങ്ങൾ ഡിജിറ്റൽ സ്വഭാവത്തിലേക്ക് മാറിയ സാഹചര്യത്തിലാണ് മെഡിക്കൽ രേഖകളുടെ കൈമാറ്റത്തിനും ഇ-ഫയൽ സ്വഭാവം കൈവരുന്നത്.
ഇ-ഹെൽത്ത് സെർവറിലെ ഡേറ്റ പൊലീസിന് കൈമാറുന്നത് ഏതെങ്കിലും തരത്തിൽ ക്രമവിരുദ്ധമാകുമോ എന്ന ആശങ്കയുള്ളതിനാലാണ് സർക്കാറിനോട് അനുവാദം തേടിയത്. സാഹചര്യങ്ങൾ വിലയിരുത്തിയും ഡേറ്റ സുരക്ഷിതത്വം ഉറപ്പുവരുത്തിയുമാണ് വിവര കൈമാറ്റത്തിന് സർക്കാർ അനുമതി നൽകിയത്.
മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധന, ലൈംഗികാതിക്രമ കേസുകളിലെ പരിശോധന, മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന, പൊലീസോ കോടതിയോ ആവശ്യപ്പെട്ട പ്രകാരമുള്ള ആരോഗ്യ പരിശോധന, പ്രായപരിധി നിർണയ പരിശോധന, പോസ്റ്റ്മോർട്ടം, വൂണ്ട് സർട്ടിഫിക്കറ്റ് തുടങ്ങി 12 ഇനങ്ങളിലാണ് കേസിന്റെ തുടർനടപടികൾക്കായി ഡോക്ടറുടെ സർട്ടിഫിക്കറ്റും പ്രസ്താവനയും വേണ്ടിവരുന്നത്.
പൊലീസ് രേഖാമൂലം അപേക്ഷിക്കുന്നതിനനുസരിച്ച് ഡോക്ടർ സർട്ടിഫിക്കറ്റ് തയാറാക്കി നൽകുകയാണ് ചെയ്യുന്നത്. ഈ നടപടി ക്രമങ്ങളാണ് ഇനി ഓൺലൈനിലേക്ക് മാറുന്നത്. സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഓൺലൈനായിതന്നെ പൊലീസിന് സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.