മേൽശാന്തി നിയമനം: ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ സി.പി.ഐ സാംസ്കാരിക സംഘടന

തൃശൂർ: ദേവസ്വം ബോർഡിന്‍റെ മേൽശാന്തി നിയമനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി സി.പി.ഐ സാംസ്കാരിക സംഘടന യുവകലാസാഹിതി. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി നിയമനം മലയാള ബ്രാഹ്മണർക്കു മാത്രമായി സംവരണം ചെയ്തിരിക്കുന്ന ദേവസ്വം ബോർഡിന്റെ നടപടി നഗ്നമായ ജാതി വിവേചനമാണ്. ഇത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സാമൂഹ്യനീതി സങ്കല്പങ്ങൾക്കും പരിഷ്കൃത സമൂഹത്തിനും യോജിക്കാത്തതാണെന്ന് യുവകലാസാഹിതി സാഹിതി സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.

ജാതി മതാതീതമായി എല്ലാ മനുഷ്യർക്കും പ്രവേശനമുള്ള ആരാധനാലയമാണ് ശബരിമല. ദർശനത്തിന് ജാതി വിലക്കില്ലാത്ത ശബരിമലയിൽ പൗരോഹിത്യ ബ്രാഹ്മണാധിപത്യം തുടരുന്നത് ജനാധിപത്യ വിരുദ്ധവും സാമൂഹ്യ നീതി നിഷേധവുമാണ്. കേരളത്തിൽ നടന്ന നവോഥാന മുന്നേറ്റങ്ങളുടെ അന്ത:സത്ത ജാതി വിവേചനത്തിനെതിരാണ്. അവർണരുടെ ക്ഷേത്ര പ്രവേശനമെന്നാൽ ശ്രീകോവിൽ പ്രവേശനമെന്നു കൂടിയാണ് വിവക്ഷ. എന്നാൽ സ്വാതന്ത്ര്യാനന്തരമെങ്കിലും സാധ്യമാകേണ്ടിയിരുന്ന അവർണരുടെ ശ്രീകോവിൽ പ്രവേശനം ഇന്നും നിഷിദ്ധമായി തുടരുകയാണ്.

ശബരിമലയിലും ഗുരുവായൂരിലുമുൾപ്പെടെ മേൽശാന്തി നിയമനത്തിൽ ഇന്നും നിലനിൽക്കുന്ന ബ്രാഹ്മണ സംവരണം രാജഭരണത്തിന്റെ കീഴ് വഴക്കം മാത്രമാണ്. കീഴ് വഴക്കങ്ങളുടെ പേരിൽ തുടരുന്ന അനീതികൾ ജനാധിപത്യത്തിൽ ഭരണഘടനാ മൂല്യങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി വഴിമാറണം. അവർണ ജനതക്ക് ക്ഷേത്ര പ്രവേശനം നിയമം മൂലം അനുവദിക്കപ്പെട്ടതങ്ങനെയാണ്.

അധികാരത്തിന്റെ അപ്പക്കഷ്ണം മാത്രം ലക്ഷ്യമാക്കി ജാത്യാഭിമാനം ഇളക്കിവിട്ട് മുതലെടുപ്പു നടത്തുന്ന സാമുദായിക സംഘടനകൾ അവർണരുടെ ശ്രീകോവിൽ പ്രവേശനത്തെ കുറിച്ച് നിശബ്ദരാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യ നീതിയുടെ നിഷേധമായിക്കണ്ട് ശബരിമലയിലുൾപ്പെടെ നിലനിൽക്കുന്ന അബ്രാഹ്മണ ജനതയുടെ ശ്രീകോവിൽ പ്രവേശന നിരോധനത്തിന് അറുതി വരുത്താൻ രാജ്യത്തെ നീതി പീഠങ്ങളും സർക്കാരും മുന്നോട്ടു വരണം.

നവോഥാന കേരളം സവർണാധിപത്യവാഴ്ചക്കെതിരെ അടിയന്തിരമായി ഉണർന്നു പ്രവർത്തിക്കണം. ക്ഷേത്ര പൗരോഹിത്യം അബ്രാഹ്മണ ജനതയുടെ ജനാധിപത്യ അവകാശമാണ്. അതുകൊണ്ട് ശബരിമലയിലുൾപ്പെടെ തന്ത്രവിദ്യ അഭ്യസിച്ച യോഗ്യരായവരെ ജാത്യതീതമായി മേൽശാന്തിമാരായി നിയമിക്കുന്നതിന് സർക്കാരും നീതി പീഠങ്ങളും സത്വര നടപടികൾ സ്വീകരിക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ.എം. സതീശനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Melsanthi appointment: CPI cultural organization against Devaswom board decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.