കുറ്റ്യാടി: കൊടിയത്തൂർക്കാരനായ ഇമാം പള്ളിയിൽനിന്ന് ചൊല്ലിത്തന്ന ദുആ (പശ്ചാത്താപ പ്രാർഥന) റിട്ട. അധ്യാപകൻ കള്ളാട്ടെ വള്ളിൽ അബ്ദുല്ല മാസ്റ്റർ ഇന്നും ഓർക്കുന്നു. ‘‘വശപിശയും നുറുമ്പിരിയാരവും ഏറ്റമേറ്റം ചെയ്ത് പിശയും മൂളി നിെൻറ തൗബയുടെ വാതിക്കൽ ഞാങ്ങളിതാ വന്നിരിക്കുന്നു തമ്പുരാനേ...’’ ഇമാം മിഹ്റാറാബിൽ ഇരുന്ന് തെൻറ തലയിലിട്ട തോർത്തിെൻറ അറ്റം പിന്നിലെ അണിയിലിരിക്കുന്ന ആളുടെ തോർത്തുമായി കെട്ടും. അയാൾ അതിനു പിന്നിലെയാളുടെ... അങ്ങനെ ഏറ്റവും പിന്നിലോളമെത്തി അവസാനം പള്ളിക്ക് പുറത്തുനിൽക്കുന്ന സ്ത്രീകളുടെ തട്ടത്തിന് കെട്ടും. എന്നിട്ടാണ് തൗബ ചൊല്ലൽ തുടങ്ങുക.
അക്കാലത്ത് രാവിലെ കുറ്റ്യാടിയിൽ പോയി നാലണക്ക് ബീഫ് വാങ്ങണം. അര റാത്തലാണ് തൂക്കം. വരുന്ന വഴിക്ക് ധാരാളം പഴുത്ത നാട്ടുമാങ്ങ കിട്ടും. അത് അരിഞ്ഞിട്ട് കുരുമുളകുപൊടി ചേർത്ത് അതിഥികളെ സൽക്കരിക്കും. മേടമാസത്തിൽ നല്ല മഴ പെയ്താൽ ഉപ്പാെൻറ കൂടെ ഒരു ചെറിയ ചൂരൽ കൂടുമായി പുഴയിൽ മീൻ പിടിക്കാൻ പോണം. രണ്ടുവലക്ക് തന്നെ ഒരുപാട് മീൻ കിട്ടും. ചക്ക നന്നായി പുഴുങ്ങും. പുഴമീൻ കറിയും ചക്കപ്പുഴക്കുമായിരുന്നു രസകരമായ നോമ്പുതുറ വിഭവം. കുഞ്ഞിപ്പത്തിലോ പത്തിലോ വേറെയുമുണ്ടാവും. ഇറച്ചിക്കറിക്ക് മുളക്നീര് എന്നാണ് പേര്. രണ്ട് ലിറ്ററോളം കൊള്ളുന്ന ഒരു ചെമ്പ് ചട്ടി. അടി മുഴുവൻ ഓട്ട. അതിൽ വെന്ത കഞ്ഞി പാർന്ന് മന്തുകൊണ്ട് നല്ലണം അടിക്കും. രുചിക്ക് നല്ലണം ജീരകവും തേങ്ങയും ചേർക്കും. അതാണ് ജീരകക്കഞ്ഞി. മുളക്നീര് ചീരോ കഞ്ഞിയിൽ ഒഴിച്ച് കുടിക്കും. ചിലപ്പോൾ ചക്കയും കുഞ്ഞിപ്പത്തിലും അതിൽ തന്നെ ഇട്ട് കുടിക്കും.
ചെമ്പുപാത്രങ്ങളിലാണ് പാചകം. നോമ്പിെൻറ ഭാഗമായി ചെമ്പുപാത്രങ്ങൾ പൂശുവാൻ ചെമ്പൂട്ടി അലവി ബറാഅത്ത് കഴിഞ്ഞ ഉടനെ വരും. മുറ്റത്ത് സംവിധാനങ്ങൾ ശരിയാക്കി ചെമ്പ് പൂശിത്തരും. വറുതിയുടെ കാലമാണ്. നോമ്പുതുറക്കാൻ മൂന്നോ നാലോ അയൽവാസികളും ദൂരെയുള്ള, ഉപ്പാെൻറ സ്നേഹിതന്മാരുമുണ്ടാകും. അന്ന് മലപ്പുറം ജില്ലയില്ല. കേരളവുമില്ല. പട്ടാമ്പിക്കാർ എന്നാണ് ആ ഭാഗത്തുള്ളവരെ വിളിക്കുക. പിന്നാക്ക പ്രദേശമായതുകൊണ്ട് കുറ്റ്യാടിയിൽ ഒരുപാട് പട്ടാമ്പിക്കാർ വരും. എെൻറ ഉപ്പ കുറ്റ്യാടി ടൗൺ പള്ളിക്കടുത്ത് പോയിനിന്ന് ഒന്നോ രണ്ടോ പട്ടാമ്പിക്കാരെ കൂട്ടിവരും. ചിലപ്പോൾ ആറ് ആൾവരെ നോമ്പുതുറക്ക് എത്തും. ആളുകൂടിയാൽ ഉടനെ പുട്ടു ചുടും. വീട്ടുപണിക്കായി ഒരു പെണ്ണുങ്ങളും ചെറിയ പെൺകുട്ടിയും ഉണ്ടാവും. ബാക്കിയുള്ള കുഞ്ഞിപ്പത്തിൽ കളയാതെ അയൽവീട്ടിൽ എത്തിക്കും. പട്ടാമ്പിക്കാർ വീട്ടിൽതന്നെ താമസിക്കും. അങ്ങനെ വന്നവർ പിൽക്കാലത്ത് കുടുംബസമേതം വന്ന് ഞങ്ങളുടെ മലയിലുള്ള സ്ഥലത്ത് സ്ഥിരതാമസമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.