മെമു ട്രെയിനുകൾ മീറ്ററുകൾ അകലത്തിൽ ഒരേ പ്ലാറ്റ് ഫോമിൽ: അവസാന നിമിഷം യാത്രക്കാർ മരണയോട്ടം നടത്തി

കൊച്ചി: കൊല്ലത്തേക്കും പാലക്കാട്ടേക്കുമുള്ള രണ്ട് മെമു ട്രെയിനുകൾ മീറ്ററുകൾ അകലത്തിൽ ഒരേ പ്ലാറ്റ് ഫോമിൽ. അവസാന നിമിഷം യാത്രക്കാർ മരണയോട്ടം നടത്തി. എറണാകുളം ജംഗ്ഷനിലെ പ്ലാറ്റ് ഫോം നമ്പർ രണ്ടിൽ കോട്ടയം വഴിയുള്ള കൊല്ലം മെമുവും പാലക്കാട് പോകുന്ന മെമുവുമാണ് ഒരേ പ്ലാറ്റ് ഫോമിലാണ് നിർത്തിയിട്ടത്. കൊല്ലം മെമു പ്ലാറ്റ് ഫോം നമ്പർ രണ്ടിൽ നിന്ന് പുറപ്പെടുന്നതായി അനൗൺസ്‌മെന്റ് ചെയ്തു. അതനുസരിച്ച് ഓവർ ബ്രിഡ്ജിന്റെ പടികൾ ഇറങ്ങിയെത്തിയ യാത്രക്കാർ ആദ്യം കണ്ട മെമുവിൽ ഇടം പിടിച്ചു.

ട്രെയിൻ നീങ്ങിതുടങ്ങുമ്പോൾ പതിവുപോലെ യാത്രക്കാർ പരിഭ്രാന്തരായി. യാത്രക്കാരിൽ ചിലർ ഇത് ചോദ്യം ചെയ്തപ്പോൾ റെയിൽവേയെ തിരുത്താൻ യാത്രക്കാർക്ക് അധികാരമില്ലെന്നായകുന്നു പ്ലാറ്റ് ഫോമിലെ നിയമ പാലകരുടെയും ജീവനക്കാരുടെയും മറുപടി. യാത്രക്കാരോട് ധാർഷ്ട്യം കലർന്ന സമീപനമാണ് ജീവനക്കാർ സ്വീകരിച്ചത്.

എറണാകുളം ജംഗ്ഷനിൽ നിന്ന് 01.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06769 മെമുവിന് 12.30 മുതൽ നോർത്ത് എൻഡ്‌, സൗത്ത് എൻഡ്‌ എന്ന് വ്യക്തമായി അന്നൗൺസ്‌ ചെയ്തിരുന്നെന്ന് പ്ലാറ്റ് ഫോമിന്റെ ഉത്തരവാദിത്തം ഉണ്ടായിരുന്ന പോലീസ് പറയുന്നു. എന്നാൽ, യാത്രക്കാർ സ്റ്റേഷനിലേയ്ക്ക് എത്തിച്ചേരുന്ന 01.15 ന് ശേഷം പ്ലാറ്റ് ഫോം അനൗൺസ്മെന്റ് കൃത്യമല്ലായിരുന്നുവെന്നാണ് യാത്രക്കാർ ആരോപണം.

യാത്രക്കാരുടെ ഇടപെടൽ ഉണ്ടായതോടെ പൊലീസ് സഹകരണത്തോടെ പാലക്കാട് മെമുവിൽ കയറിയ കൊല്ലം യാത്രക്കാരെ വിവരമറിയിച്ചു. അവർക്ക് ട്രെയിൻ മാറികയറാൻ അവസരമൊരുക്കുകയും ചെയ്തു. 01.35 ന് സിഗ്നൽ ആയ ശേഷം യാത്രക്കാർ ഓടിക്കയറാൻ മൂന്നു മിനിറ്റുകൂടി ഗാർഡ് അനുവദിച്ചു. എന്നിട്ടും ട്രെയിൻ നീങ്ങിതുടങ്ങിയപ്പോൾ പ്രതീക്ഷയോടെ വീണ്ടും കുറച്ചു ആളുകൾ പിറകെ ഓടുന്നുണ്ടായിരുന്നു

രണ്ട് മെമു ട്രെയിനുകൾ തമ്മിലുള്ള അകലം ദൂരെനിന്ന് പ്രകടമല്ലായിരുന്നു. ഓടിക്കയറാൻ കഴിയാതിരുന്ന നിസഹായരായ വയോധികാരുണ്ട്. നേരത്തെ സ്റ്റേഷനിൽ എത്തിയിട്ടും റെയിൽവേയുടെ അനാസ്ഥമൂലം ട്രെയിൻ നഷ്ടപ്പെട്ട ഭിന്നശേഷിക്കാരും രോഗികളും സ്ത്രീകളുമുണ്ട്. യാത്രക്കാരെ ഇങ്ങനെ വലക്കുന്നത് ഇതാദ്യ സംഭവമല്ല. ഈ വിഷയത്തിൽ അടിയന്തര പരിഹാരം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി പറഞ്ഞു.  

Tags:    
News Summary - MEMU trains meters apart on the same platform: Passengers make a last-minute death rush

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.