എലത്തൂർ: അസി. കമീഷണറുടെ മോശം പരാമർശത്തെ തുടർന്ന് എ.എസ്.ഐ അജ്ഞാതവാസത്തിൽ. എലത്തൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജയേഷാണ് ട്രാഫിക് അസി. പൊലീസ് കമീഷണർ സന്തോഷ് ഫോണിൽ അസഭ്യവർഷം നടത്തിയതിനെ തുടർന്ന് മനോവിഷമം മൂലം നാടുവിട്ടത്. വെള്ളിയാഴ്ച രാവിലെയാണ് ഓട്ടോ യാത്രക്കാരെയും ഡ്രൈവറെയും സംബന്ധിച്ച പരാതിയുമായി ബന്ധപ്പെട്ട് അസി. കമീഷണർ എലത്തൂർ സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ച് ജയേഷിനോട് മോശമായി സംസാരിച്ചത്. ഇതേതുടർന്ന് ജയേഷ് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി അപ്രത്യക്ഷമാവുകയായിരുന്നു. ശനിയാഴ്ച ബന്ധുക്കൾ ഫോണിൽ ബന്ധപ്പെട്ടെങ്കിലും എവിടെയാണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. സഹപ്രവർത്തകർ പലരും വിളിച്ചെങ്കിലും ഫോൺ എടുത്തിട്ടില്ല. ജയേഷിന് ഉന്നത ഉദ്യോഗസ്ഥനിൽനിന്നുണ്ടായ മാനസികപീഡനം സേനയിൽതന്നെ വിവാദമായി.
നവംബർ 24നുണ്ടായ സംഭവത്തിൽ പരാതി നൽകിയിട്ടും 27 നാണ് എലത്തൂർ പൊലീസ് എഫ്.ഐ.ആർ ഇട്ടത്. ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനാൽ പരാതിക്കാർ നേരിട്ടെത്തി ട്രാഫിക് അസി. കമീഷണറോട് പരാതി പറയുകയായിരുന്നു. ഇതേതുടർന്നാണ് കേസ് അന്വേഷിച്ച ജയേഷിനെ അസി. കമീഷണർ വിളിച്ചതെന്നാണ് പറയപ്പെടുന്നത്. അന്വേഷിക്കാം, നോക്കാം എന്നെല്ലാമുള്ള ഉത്തരമാണ് എ.എസ്.ഐയിൽനിന്നുണ്ടായതെന്നും സംഭവം നടന്ന് മൂന്നുദിവസത്തിനുശേഷമാണ് എഫ്.ഐ.ആർ ഇട്ടതെന്നും അസി. കമീഷണർ സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.