തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആടിനെ പട്ടിയാക്കുന്ന പണി അവസാനിപ്പിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഫിഷറീസ് മന്ത്രി രണ്ട് പ്രാവശ്യം ഫയൽ കണ്ടു എന്നതാണ് ഇന്നത്തെ കണ്ടെത്തൽ. ഫയൽ കാണുന്നതിൽ എന്താണ് അസാധാരണത്വം. ആരെങ്കിലും നിവേദനം നൽകിയാൽ കാണാൻ പാടില്ലേ?
എന്ത് തീരുമാനമെടുത്തു എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.
ആദ്യത്തെ ആക്ഷേപം അമേരിക്കയിൽ വച്ച് ചർച്ച നടത്തി, ഇവിടെ വന്ന് ആഴക്കടൽ മൽസ്യബന്ധനത്തിന് അനുമതി നൽകി എന്നതായിരുന്നു. അമേരിക്കയിൽ ചർച്ച നടത്തി എന്നത് തികച്ചും അസംബന്ധമായ പ്രചാരവേലയാണ് എന്ന് വ്യക്തമാക്കിയപ്പോൾ, കണ്ടതിന്‍റെ രേഖ പുറത്ത് വിടുന്നു എന്നതായി. അത് ഓഫിസിൽ വന്ന് നിവേദനം നൽകുന്നതാണെന്ന് വ്യക്തമായപ്പോൾ ഫയൽ കണ്ടു എന്നതായി.
ഫിഷറീസ് വകുപ്പ് ഇക്കാര്യത്തിൽ എന്തെങ്കിലും അനുകൂലമായ തീരുമാനം എടുത്തു എന്ന് ചെന്നിത്തലക്ക് തെളിയിക്കാൻ കഴിയുമോയെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ ഫേസ്ബുക് പോസ്റ്റിൽ ചോദിച്ചു.
പ്രതിപക്ഷ നേതാവിൻ്റെ ഗീബൽസിയൻ തന്ത്രങ്ങളെ തിരിച്ചറിയുക, ദുഷ്പ്രചാരവേല തള്ളിക്കളയുക....
ആഴക്കടൽ മൽസ്യ ബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉയർത്തിക്കൊണ്ടു വന്ന ആക്ഷേപം തികച്ചും ആസൂത്രിതവും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെൻ്റിനെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉള്ളതുമാണ് എന്ന് വ്യക്തമാക്കിയിട്ടും വീണ്ടും നുണപ്രചരണമെന്ന ഗീബൽസിയൻ തന്ത്രമാണ് പയറ്റിക്കൊണ്ടിരിക്കുന്നത്.
ഫിഷറീസ് മന്ത്രി രണ്ട് പ്രാവശ്യം ഫയൽ കണ്ടു എന്നതാണ് ഇന്നത്തെ കണ്ടെത്തൽ. ആദ്യത്തെ ആക്ഷേപം അമേരിക്കയിൽ വച്ച് ചർച്ച നടത്തി, ഇവിടെ വന്ന് ആഴക്കടൽ മൽസ്യബന്ധനത്തിന് അനുമതി നൽകി എന്നതായിരുന്നു.
അമേരിക്കയിൽ ചർച്ച നടത്തി എന്നത് തികച്ചും അസംബന്ധമായ പ്രചാരവേലയാണ് എന്ന് വ്യക്തമാക്കിയപ്പോൾ, കണ്ടതിൻ്റെ രേഖ പുറത്ത് വിടുന്നു എന്നതായി. അത് ഓഫീസിൽ വന്ന് നിവേദനം നൽകുന്നതാണെന്ന് വ്യക്തമായപ്പോൾ ഫയൽ കണ്ടു എന്നതായി.
ഫയൽ കാണുന്നതിൽ എന്താണ് അസാധാരണത്വം.ആരെങ്കിലും നിവേദനം നൽകിയാൽ കാണാൻ പാടില്ലേ?.
എന്ത് തീരുമാനമെടുത്തു എന്നതാണ് പ്രധാനം.ഫിഷറീസ് വകുപ്പിൻ്റെ ആഴക്കടൽ മത്സ്യ ബന്ധനം സംബന്ധിച്ച് നിലപാട് വ്യക്തമാണെന്നിരിക്കെ നയത്തിന് വിരുദ്ധമായ തീരുമാനം എടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ല.
പ്രതിപക്ഷ നേതാവിൻ്റെ വെല്ലുവിളി ഞാൻ ഏറ്റെടുക്കുകയാണ്.
ഫിഷറീസ് വകുപ്പ് ഇക്കാര്യത്തിൽ എന്തെങ്കിലും അനുകൂലമായ തീരുമാനം എടുത്തു എന്ന് അങ്ങേയ്ക്ക് തെളിയിക്കാമോ?.
ഇല്ലെങ്കിൽ ഈ അധമമായ പ്രചാരവേല പ്രതിപക്ഷ നേതാവ് നടത്തുന്നത് തരംതാണതും, ഹീനവുമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ്.
ചില കുത്തക മാധ്യമങ്ങളുടെ പിന്തുണയോടെ ആടിനെ പട്ടിയാക്കുന്ന പണി അവസാനിപ്പിക്കണം.
ഇതുമായി ബന്ധപ്പെട്ട വസ്തുത എന്താണ്?
ഒരു അമേരിക്കൻ കമ്പനി ആഴക്കടൽ മൽസ്യ ബന്ധനം, പ്രോസസ്സിംഗ്, ഗവേഷണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരു കൺസപ്റ്റ് നോട്ട് എൻ്റെ ഓഫീസിൽ വന്ന് നൽകുന്നു.ഗവൺമെൻ്റിൻ്റെ നയം വ്യക്തമാക്കി, നടപടി ക്രമം പാലിച്ച് ഫിഷറീസ് വകുപ്പ് സെക്രട്ടറി ഈ കമ്പനിയുടെ വിശ്വാസ്യതയെക്കുറിച്ച് കേന്ദ്ര വിദേശമന്ത്രാലയത്തോട് ആരായുന്നു.വിദേശമന്ത്രാലയം അത് അന്വേഷിച്ച് വിവരം സെക്രട്ടറിക്ക് കൈമാറുന്നു. ആ വിവരം അനുസരിച്ച് ഇവർ അവകാശപ്പെടുന്ന ഒരു കാര്യവും നടത്താൻ ശേഷിയുള്ളവരല്ല എന്ന് വ്യക്തമാണ്.
മൽസ്യബന്ധന വകുപ്പ് ഇതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ല എന്നിരിക്കെ ഇക്കൂട്ടർ വീണ്ടും 2020 ജനുവരിയിൽ നടന്ന വ്യവസായ നിക്ഷേപക സംഗമത്തിൽ ഇവരുടെ പ്രൊപ്പോസൽ സമർപ്പിക്കുന്നു. ഇതിൽ എന്താണ് ഫിഷറീസ് വകുപ്പിൻ്റെ പങ്ക്.
ബോധപൂർവ്വമായി ഒരു പൊതുമേഖലാ സ്ഥാപനം പ്രതിപക്ഷ നേതാവിൻ്റെ ജാഥ തുടങ്ങിയതിന് ശേഷം ഫെബ്രുവരി രണ്ടിന് ഒരു വമ്പൻ പദ്ധതിയ്ക്ക് എം.ഒ.യു ഒപ്പുവയ്ക്കുന്നുവെന്ന് പറയുന്നത് തികച്ചും അസാധാരണമാണ്.
ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിയോ, വകുപ്പോ അറിയാതെ തികച്ചും രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടു കൂടി നടത്തിയ ഈ നീക്കം ഗവൺമെൻ്റ് റദ്ദാക്കുകയും ചെയ്തു.
ഇപ്പോൾ പ്രചാരവേല മൽസ്യനയത്തിലെ ഖണ്ഡിക 2. 9 നെക്കുറിച്ചാണ്.
2019ലെ മൽസ്യനയത്തിൽ പുറംകടലിൽ ബഹുദിന മൽസ്യ ബന്ധനം നടത്തുന്ന യാനങ്ങൾക്ക് സംരക്ഷണം നൽകും എന്നു പറഞ്ഞത് നിലവിലുള്ള മൽസ്യബന്ധന യാനങ്ങളുടെ സംരക്ഷണത്തെക്കുറിച്ചു മാത്രമാണ്.
മൽസ്യനയത്തിലെ 2. 9 എന്ന ഖണ്ഡിക നീക്കം ചെയ്യണമെന്ന് ബോട്ട് ഉടമ സംഘടനകൾക്കും,
ശ്രീ. ഷിബു ബേബി ജോണിനും അഭിപ്രായമുണ്ടോ എന്ന് ആവർത്തിച്ച് ആരാഞ്ഞിട്ടും പ്രതികരണമുണ്ടായില്ല.
ഇത്തരം കള്ളക്കളി മൽസ്യത്തൊഴിലാളി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാം എന്ന ലക്ഷ്യത്തിലാണെങ്കിൽ അത് നടക്കില്ല എന്നാണ് എനിയ്ക്ക് പറയാനുള്ളത്.
മൽസ്യത്തൊഴിലാളികൾ ഈ സർക്കാർ നൽകിയ നല്ല നയങ്ങളുടെ ഗുണഭോക്താക്കളാണ്.
പിടിക്കുന്ന മത്സ്യത്തിന് ന്യായവില ഉറപ്പാക്കുക, മൽസ്യബന്ധനോപകരണങ്ങളുടെ ഉടമസ്ഥാവകാശം ഉറപ്പാക്കുക, മെച്ചപ്പെട്ട ഭവനസമുച്ചയങ്ങൾ അവർക്ക് വേണ്ടി നിർമ്മിക്കുക. മൽസ്യത്തൊഴിലാളിയുടെ മക്കൾ പഠിക്കുന്ന ഫിഷറീസ് സ്ക്കൂളുകൾ അറിവിൻ്റെ മാതൃകാ കേന്ദ്രങ്ങളാക്കുക, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ അവർക്ക് ലഭ്യമാക്കുക, മൽസര പരീക്ഷകളിൽ അവരെ സജ്ജരാക്കി എ.ബി.ബി.എസും, എഞ്ചിനീയറിംഗും ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്നതിന് അവരെ പ്രാപ്തരാക്കുക.
മൽസ്യത്തൊഴിലാളി ഇൻഷുറൻസ് 10 ലക്ഷമാക്കി ഉയർത്തി, പ്രകൃതിക്ഷോഭങ്ങളുമായി മല്ലിടുമ്പോഴൊക്കെ അവർക്ക് സൗജന്യ റേഷനും, സാമ്പത്തിക സഹായവും ലഭ്യമാക്കുക, കടലിൽ അപകടത്തിൽ പെടുന്ന മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായി മൂന്ന് മറൈൻ അംബുലൻസുകളുടെ സർവ്വീസ് ആരംഭിക്കുക, മൽസ്യത്തൊഴിലാളി സംഘങ്ങൾക് ആധുനീക സജ്ജീകരണങ്ങളോടുകൂടിയ ബോട്ടുകൾ നൽകുക, കടലിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസ്സിക്കുന്ന മൽസ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി പുനർ ഗേഹം പദ്ധതിയിലൂടെ ഭവനങ്ങൾ നൽകുക തുടങ്ങി നിരവധി പദ്ധതികളാണ് മൽസ്യത്തൊഴിലാളികൾക്കായി സർക്കാർ നടപ്പാക്കിയിട്ടുള്ളത്.
ഇതാണ് വസ്തുത എന്നിരിക്കെ ചില മാധ്യമ കുത്തകളുടെ പിന്തുണയോടെ എന്ത് അധമവും ഹീനവുമായ പ്രചരണം അഴിച്ചുവിടുന്നത് പ്രതിപക്ഷ നേതാവിന് ചേരുന്നതല്ല.
ഈ സർക്കാരിനെക്കുറിച്ച് ഒന്നും പറയാനില്ലാതിരിക്കെ മുങ്ങിത്താഴുബോൾ നടത്തുന്ന ഇത്തരം ഹീനമായ പ്രചാരവേലകളെ അർഹിക്കുന്ന അവഞ്ജയോടെ മൽസ്യത്തൊഴിലാളികൾ തള്ളിക്കളയുക തന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.