എം.ഇ.എസ്​ തെരഞ്ഞെടുപ്പ്​: സസ്​പെൻഡ് ചെയ്തവരെ വോട്ടർ പട്ടികയിൽനിന്ന്​ ഒഴിവാക്കരുതെന്ന്​ ​കോടതി

കോഴിക്കോട്​: മുസ്​ലിം എജുക്കേഷനൽ സൊസൈറ്റിയിൽനിന്ന്​ (എം.ഇ.എസ്​) സസ്‍പെൻഡ് ചെയ്ത നേതാക്കളുടെ പേര്​ ഉൾപ്പെടുത്താതെയുള്ള വോട്ടർ പട്ടികയനുസരിച്ച്​ ഭാരവാഹി തെരഞ്ഞെടുപ്പ്​ നടത്തുന്നത്​ കോടതി തടഞ്ഞു. മുൻ വൈസ് പ്രസിഡന്റ് ഡോ. മഹ്ഫൂസ് റഹിം, സംസ്ഥാന സെക്രട്ടറി ഡോ. എൻ.എം. മുജീബ് റഹ്മാൻ, സംസ്ഥാന സമിതി അംഗം എൻ. അബ്ദുൽ ജബ്ബാർ എന്നിവരെ വോട്ടർ പട്ടികയിൽനിന്ന്​ ഒഴിവാക്കിയെന്ന്​ കാണിച്ച്​ നൽകിയ ഹരജിയിലാണ്​ ഒന്നാം പ്രിൻസിപ്പൽ മുനിസിഫ്​ എൻ.പി. ബിജുവിന്റെ ഉത്തരവ്​.

എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ, ജനറൽ സെക്രട്ടറി പി.ഒ. ലബ്ബ എന്നിവരെ എതിർകക്ഷികളാക്കി അഡ്വ. കെ.ബി. ശിവരാമകൃഷ്ണൻ മുഖേന നൽകിയ ഹരജിയിലാണ്​ നടപടി. സാമ്പത്തിക തിരിമറി കേസിൽ ഉൾപ്പെട്ടവർക്കെതിരെ പ്രതികരിച്ചതിനാണ്​ തങ്ങളെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‍പെൻഡ് ചെയ്തതെന്നാണ്​ പരാതിക്കാരുടെ ആരോപണം.

അടുത്ത മൂന്നു​ കൊല്ല​ത്തേക്കുള്ള സംസ്ഥാന ഭാരവാഹികളായി ഡോ. ഫസൽ ഗഫൂർ അടക്കമുള്ളവരെ തിരഞ്ഞെടുത്തതായി കഴിഞ്ഞ ദിവസം എം.ഇ.എസ്​ അറിയിച്ചിരുന്നു. ഇതുസംബന്ധമായി കേസുകൾ നടക്കുകയാണെന്നും സസ്​പെൻഡ്​ ചെയ്​തെങ്കിലും പ്രാഥമികാംഗമായതിനാൽ വോട്ടർപട്ടികയിൽനിന്ന്​ ഒഴിവാക്കാനാവില്ലെന്നും കോടതി വിധി അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിനെ​​​​​ അംഗീകരിക്കില്ലെന്നും​​ അന്യായ വിഭാഗം അറിയിച്ചു.

Tags:    
News Summary - MES polls: Court rules suspensions should not be removed from voters' list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.