കാസർകോട്: മുസ്ലിം ലീഗ് നേതാവും സുന്നി യുവജന സംഘം സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻറുമായ മെട്രോ മുഹമ്മദ് ഹാജി (68) നിര്യാതനായി. കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ ഉച്ചക്ക് 12:30 നായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.
പ്രമുഖ വ്യാപാരിയായ മുഹമ്മദ് ഹാജി ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമായിരുന്നു. ജില്ലയിലെ മത സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. നോര്‍ത്ത് ചിത്താരി ഖിളര്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ്, ചിത്താരി അസീസിയ അറബി കോളജ്, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പെരിയ അംബേദ്കർ എജുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍, കെ.എം.സി.സി യു.എ.ഇ കമ്മിറ്റി ഉപദേശക സമിതിയംഗം, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന ട്രഷറര്‍, എസ്.എം.എഫ് കാസര്‍കോട് ജില്ല കമ്മിറ്റി ട്രഷറര്‍, സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തക സമിതിയംഗം, ചട്ടഞ്ചാല്‍ മാഹിനാബാദ് മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് മാനേജ്മെൻറ് കമ്മിറ്റി അംഗം, കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന കമ്മിറ്റിയംഗം, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡൻറ്, ചിത്താരി ക്രസൻറ് സ്‌കൂള്‍ മാനേജ്മെൻറ് കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു വരുകയായിരുന്നു. മുംബൈ കേരള വെല്‍ഫയര്‍ ലീഗ്, മുംബൈ കേരള മുസ്ലിം ജമാഅത്ത് എന്നിവയുടെ മുന്‍പ്രസിഡൻറും റൈഫിള്‍ അസോസിയേഷന്‍ മുന്‍ ജില്ല ട്രഷററുമായിരുന്നു.
മികച്ച സംഘാടകനുള്ള സമസ്തയുടെ അവാര്‍ഡുകള്‍ക്ക് പുറമെ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ല കമ്മിറ്റിയുടെ ശംസുല്‍ ഉലമാ അവാര്‍ഡ്, പാണക്കാട് മുഹമ്മദലി ശിഹാബ് സ്മാരക അവാര്‍ഡ്, രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡ്, പ്രവാസി കര്‍മ പുരസ്‌കാര, ഗാന്ധി ദര്‍ശന്‍ അവാര്‍ഡ്, കുവൈത്ത് കെ.എം.സി.സിയുടെ ഇ. അഹമ്മദ് അവാര്‍ഡ്, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതിയുടെ മികച്ച വിദ്യഭ്യാസ പ്രവര്‍ത്തകനുള്ള അവാര്‍ഡ്, കോയമ്പത്തൂര്‍ കാരുണ്യ ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷെൻറ കാരുണ്യ ദര്‍ശന്‍ അവാര്‍ഡ്, ദക്ഷിണേന്ത്യന്‍ കള്‍ച്ചറല്‍ സമാജ രത്‌ന അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടനവധി അംഗീകാരങ്ങള്‍ ലഭിച്ചു.
യു.എ.ഇ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങൾ നടത്തി വന്നിരുന്നു. ചിത്താരിയിലെ പരേതരായ വളപ്പില്‍ കുഞ്ഞാമു,മുനിയംകോട് സൈനബ് എന്നിവരുടെ രണ്ടാമത്തെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: മുജീബ്, ജലീല്‍, ഷമീം, ഖലീല്‍, കബീര്‍, സുഹൈല, ജുസൈല. മരുമക്കള്‍: ഫസല്‍ മാണിക്കോത്ത്, റൈഹാന,നിഷാന, ഷമീന, ഷമീമ, അസൂറ. സഹോദരങ്ങള്‍: അബ്ദുല്ല, ആയിശ.
സമസ്തക്കും മുസ്‌ലിംലീഗ് പ്രസ്ഥാനത്തിനും ചന്ദ്രികക്കും അദ്ദേഹം നൽകിയ സേവനങ്ങൾ എന്നും ഓർമിക്കപ്പെടുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.