ആദ്യകാലം മുതലുള്ള പരീക്ഷരേഖകൾ ഡിജിറ്റലാക്കി മഹാത്മാഗാന്ധി സർവകലാശാല

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ 1983 മുതൽ സൂക്ഷിക്കുന്ന വിവിധ കോഴ്‌സുകളുടെ മാർക്കുകളും വിവരങ്ങളുമടങ്ങിയ ടാബുലേഷൻ രജിസ്റ്ററുകൾ ഇനി ഡിജിറ്റൽ രേഖ. കയ്യെഴുത്ത് പ്രതികളായി സൂക്ഷിച്ചിരുന്ന പരീക്ഷരേഖകളായ ടാബുലേഷൻ രജിസ്റ്ററുകളുടെ 5.25 ലക്ഷം പേജുകളാണ് ജീവനക്കാർക്ക് വിരൽത്തുമ്പിൽ ലഭ്യമാകുംവിധം ഡിജിറ്റലൈസ് ചെയ്തത്.

കാലപ്പഴക്കത്താൽ നശിച്ചുപോകാനിടയുണ്ടായിരുന്ന ടാബുലേഷൻ രജിസ്റ്ററുകൾ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പ്രീഡിഗ്രി, ബി.എസ് സി., ബി.കോം, ബി.എ. കോഴ്‌സുകളുടെ രജിസ്റ്ററുകൾ സ്‌കാൻ ചെയ്ത് ഡിജിറ്റൽ രൂപത്തിലാക്കിയത്. പ്രീഡിഗ്രിയുടെ 1.55 ലക്ഷം പേജുകളും ബി.എ.യുടെ 95,000 പേജുകളും ബി.കോമിന്‍റെ 1.85 ലക്ഷം പേജുകളും ബി.എസ് സി.യുടെ 90,000 പേജുകളും സ്‌കാൻ ചെയ്ത് ഡിജിറ്റൽ രൂപത്തിലാക്കി മാറ്റി.

മാർക്ക്‌ലിസ്റ്റുകളുടെ ട്രാൻസ്‌ക്രിപ്റ്റ് അടക്കം വിവിധ സർട്ടിഫിക്കറ്റുകൾ വേഗത്തിൽ നൽകുന്നതിന് ഡിജിറ്റലൈസേഷൻ സഹായിക്കും. ടാബുലേഷൻ രജിസ്റ്ററുകൾ പരിശോധിച്ച് കണ്ടെത്തുന്നതിനുള്ള കാലതാമസവും സ്ഥിരമായി ഉപയോഗിക്കുന്നതുമൂലം പഴയ രജിസ്റ്ററുകൾ നശിക്കുന്നതും ഒഴിവാകും.

രജിസ്റ്റർ നമ്പർ, പരീക്ഷകേന്ദ്രം, കോഴ്‌സ് പൂർത്തീകരിച്ച വർഷം എന്നിവയിലൊന്ന്‌ ഉപയോഗിച്ച്‌ വിവരങ്ങൾ വേഗത്തിൽ കണ്ടെത്താനുള്ള സോഫ്റ്റ്‌വെയറാണ് തയാറാക്കിയിട്ടുള്ളത്. എട്ടുമാസം കൊണ്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചത്.

രണ്ടാംഘട്ടത്തിൽ ബിരുദാനന്തര ബിരുദം, ബി.എഡ്., എൽ.എൽ.ബി., മെഡിക്കൽ, പാരാമെഡിക്കൽ, എം.ബി.എ., എം.സി.എ., ബി.ടെക് തുടങ്ങി 25 കോഴ്‌സുകളുടെ കയ്യെഴുത്ത് ടാബുലേഷൻ രജിസ്റ്ററുകൾ ഡിജിറ്റലൈസ് ചെയ്യും. അടുത്ത വർഷം ജനുവരി 31നകം എല്ലാ കോഴ്‌സുകളുടെയും ടാബുലേഷൻ രജിസ്റ്ററുകൾ ഡിജിറ്റൽ രൂപത്തിലാക്കുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാർ പദ്ധതി വിഹിതമായി ഒരുകോടി രൂപ പദ്ധതിക്ക് അനുവദിച്ചിരുന്നു.

ആദ്യഘട്ടത്തിൽ ഡിജിറ്റലൈസ് ചെയ്ത രേഖകൾ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രൊജക്ട് മാനേജർ കെ.പി. റഷീദ് കൈമാറി. ചടങ്ങിൽ രജിസ്ട്രാർ പ്രൊഫ. ബി. പ്രകാശ് കുമാർ, പരീക്ഷ കൺട്രോളർ ഡോ. സി.എം. ശ്രീജിത്, ഫിനാൻസ് ഓഫീസർ ബിജു മാത്യു, പദ്ധതി കോ-ഓർഡിനേറ്റർ ജോയിന്‍റ് രജിസ്ട്രാർ ജി. വിജയകുമാർ, ഊരാളുങ്കൽ സൊസൈറ്റി സോഫ്റ്റ്‌വെയർ എൻജിനീയർ കെ.ജി. അജയൻ എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.