ഗാന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍െറ ആരാധകനായിരുന്നു –എം.ജി.എസ്

കോഴിക്കോട്: ഗാന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍െറ ആരാധകനായിരുന്നുവെന്നും ഇന്ത്യയില്‍ എക്കാലത്തും ബ്രിട്ടീഷ് ഭരണം തുടരണമെന്നായിരുന്നു ഗാന്ധിജിയുടെ ആഗ്രഹമെന്നും ഡോ. എം.ജി.എസ്. നാരായണന്‍.  ‘ജനഗണമന’ എന്ന പേരില്‍  പാഠഭേദം മാധ്യമകൂട്ടായ്മ സംഘടിപ്പിച്ച ദേശീയതയെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയിലെ ആദ്യദിനം ‘ദേശീയതക്ക് ഒരാമുഖം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബ്രിട്ടീഷുകാര്‍ സംസ്കാരമുള്ളവരാണെന്ന് ഗാന്ധിജി പറഞ്ഞു. ഇന്ത്യക്കാര്‍ അങ്ങനെയല്ല എന്നതാണ് അതിനര്‍ഥം. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ ഗാന്ധിജി ഒന്നും പറഞ്ഞില്ല. സങ്കടപ്പെടുകയും നിരാഹാരം കിടക്കുകയും മാത്രമേ ചെയ്തുള്ളൂ.

ദേശവും ദേശീയതയും തമ്മില്‍ കടലും കടലാടിയുംപോലുള്ള അന്തരമുണ്ട്. ദേശീയത ഒരു സാങ്കല്‍പിക സമൂഹമാണ്. ദേശമെന്നാല്‍ വളരെച്ചെറിയ സ്ഥലവും ദേശീയത വലിയൊരു സ്വരൂപവുമാവുമ്പോള്‍ ഈ വാക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതെങ്ങനെയാണ്? മറ്റു പലതിനെയുംപോലെ നമ്മുടെ ദേശീയതയും ഉണ്ടാക്കിത്തന്നത് ബ്രിട്ടീഷുകാരാണ്. തന്‍െറയൊന്നും ചെറുപ്പകാലത്ത് ദേശീയത ആരും ഉണ്ടാക്കിയില്ല, അത് ഉണ്ടാവുകയാണ് ചെയ്തത്. നാഷനലിസം കഴിഞ്ഞെന്ന് മാര്‍ക്സ് കരുതിയതാണ് അദ്ദേഹത്തിന് പറ്റിയ വിഡ്ഢിത്തം.

 മാര്‍ക്സ് പറഞ്ഞത് പാര്‍ട്ടി വേണ്ട, പ്രസ്ഥാനം മതിയെന്നാണ്. ലോകതൊഴിലാളികളോട് ഒന്നിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍, ലെനിന്‍ സ്വീകരിച്ചതാകട്ടെ പാര്‍ട്ടി വേണമെന്നും തൊഴിലാളികള്‍ക്ക് വിപ്ളവം നടത്താനാകില്ളെന്നുമാണ്. മാര്‍ക്സിസത്തെ കൊന്നത് ലെനിനാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത് ബ്രിട്ടീഷുകാരെ ഇന്ത്യയില്‍നിന്ന് ഓടിക്കാനാണെന്ന് നമ്മളില്‍ പലരും വിശ്വസിച്ചു. എന്നാല്‍, ബ്രിട്ടീഷുകാരനായ എ.ഒ. ഹ്യൂം അത് സ്ഥാപിച്ചത് ബ്രിട്ടന്‍െറ ഭരണം ഉറപ്പിക്കാന്‍ വേണ്ടിയാണെന്ന് എം.ജി.എസ് അഭിപ്രായപ്പെട്ടു.
 

Tags:    
News Summary - mgs narayanan to gandhiji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.