മൈക്രോ ഫിനാൻസ്‌ തട്ടിപ്പ്‌: തുഷാർ രണ്ടാംപ്രതി

ചേർത്തല: മൈക്രോ ഫിനാൻസ്‌ തട്ടിപ്പ്‌ കേസിൽ എസ്‌.എൻ.ഡി.പി യോഗം വൈസ്‌ പ്രസിഡന്റും എൻ.ഡി.എ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയെ രണ്ടാംപ്രതിയാക്കി പൊലീസ്‌ കേസെടുത്തു. എസ്‌.എൻ.ഡി.പി യോഗം ചേർത്തല യൂനിയനിൽപെട്ട പള്ളിപ്പുറം ശാഖ യോഗത്തിലെ ഗുരുചൈതന്യം സ്വയംസഹായ സംഘത്തിന്റെ പരാതിയിലാണ്‌ ചേർത്തല പൊലീസിന്‍റെ നടപടി. വിശ്വാസവഞ്ചന, ചതി ഉൾപ്പെടെ ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ്‌ കേസ്. തട്ടിപ്പ്‌ നടക്കുമ്പോൾ യൂനിയൻ അഡ്‌മിനിസ്‌ട്രേറ്റിവ്‌ കമ്മിറ്റി ചെയർമാനായിരുന്നു തുഷാർ. കൺവീനറായിരുന്ന അന്തരിച്ച കെ.കെ. മഹേശൻ ഒന്നാംപ്രതിയും ഓഫിസ്‌ ജീവനക്കാരനായിരുന്ന സുരേന്ദ്രൻ മൂന്നാം പ്രതിയുമാണ്‌.

2018 മേയ്‌ നാലിന്‌ സംഘടന മുഖേന യൂനിയൻ ബാങ്ക്‌ കലവൂർ ശാഖയിൽനിന്ന്‌ ലഭ്യമാക്കിയ 6.5 ലക്ഷം രൂപയുടെ വായ്‌പ തട്ടിപ്പിന്‌ ഉപയോഗിച്ചതായി എഫ്‌.ഐ.ആറിൽ പറയുന്നു. പലിശയിനത്തിൽ 1,11,465 രൂപ ഉൾപ്പെടെ നിശ്ചിത ഗഡുക്കളായി യൂനിയൻ ഓഫിസിൽ കൃത്യമായി അടച്ചെങ്കിലും ബാങ്കിന്‌ നൽകിയില്ല. അരലക്ഷത്തോളം മാത്രമാണ്‌ യൂനിയൻ ബാങ്കിലടച്ചത്‌. ശേഷിക്കുന്ന തുക പ്രതികൾ കൈക്കലാക്കിയെന്നാണ് ആരോപണം. എന്നാൽ, വായ്‌പത്തുകയും പലിശയും പൂർണമായി അടച്ച്‌ വായ്‌പ ഇടപാട്‌ അവസാനിപ്പിച്ചതായി യൂനിയൻ ഓഫിസിലെ പാസ്‌ബുക്കിൽ രേഖപ്പെടുത്തി സീൽ പതിപ്പിച്ച്‌ സംഘത്തിന്‌ നൽകിയെന്നും എഫ്‌.ഐ.ആറിൽ പറയുന്നു.

വായ്‌പക്കുടിശ്ശിക ഈടാക്കാൻ അംഗങ്ങൾക്ക്‌ ജപ്‌തി നോട്ടീസ്‌ ലഭിച്ചതോടെയാണ്‌ തട്ടിപ്പ്‌ വെളിപ്പെട്ടത്‌. സംഘാംഗങ്ങൾ യൂനിയൻ ഭാരവാഹികളെ സമീപിച്ചപ്പോൾ ഉടൻ പരിഹരിക്കാമെന്ന്‌ ഉറപ്പ്‌ നൽകിയെങ്കിലും പാലിച്ചില്ല. ഇതോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. നിലവിലെ യൂനിയൻ അഡ്‌മിനിസ്‌ട്രേറ്റർ ടി. അനിയപ്പൻ സ്‌റ്റേഷനിൽ ഹാജരായി നൽകിയ ഉറപ്പും പാലിക്കാത്ത സാഹചര്യത്തിലാണ്‌ നിയമോപദേശം സ്വീകരിച്ച്‌ പൊലീസ്‌ കേസെടുത്തത്‌.

ചേർത്തലയിലെ 102 സംഘങ്ങൾക്ക്‌ യൂനിയൻ ബാങ്ക്‌ 2013 മുതൽ നൽകിയ 4.42 കോടിയും പലിശയും കുടിശ്ശികയുള്ളതായാണ്‌ വിവരം. 1200 കുടുംബങ്ങളാണ്‌ തട്ടിപ്പിനിരയായത്‌. മൂന്ന്‌ സംഘങ്ങൾ ഇതിനകം പരാതിയുമായി പൊലീസിനെ സമീപിച്ചു. കൂടുതൽ പരാതികൾ എത്തുമെന്നാണ്‌ സൂചന.

Tags:    
News Summary - Micro finance fraud: Tushar is the second accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.