വയനാടിന് കൈത്താങ്ങ്: 474 വീടുകൾ നിർമിക്കുമെന്ന് വാഗ്ദാനം

തിരുവനന്തപുരം: ദുരന്തബാധിതരെ ചേർത്തുപിടിച്ചും മണ്ണ് പകുത്തും സ്നേഹക്കൂരകൾക്കായി വാഗ്ദാനമറിയിച്ചും വയനാടിന് കേരളത്തിന്‍റെ ഹൃദയവായ്പ. രാഷ്ട്രീയ ഭേദമില്ലാതെയാണ് ഈ ദൗത്യത്തിൽ കേരളം കണ്ണിചേരുന്നത്. സഹായ വിവരങ്ങൾ വിവരിക്കവെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഗ്ദാനം ഒന്നാമത് എണ്ണിപ്പറഞ്ഞത് മുഖ്യമന്ത്രിയും. രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ അറിയിച്ചതായി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വി.ഡി. സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ വിളിച്ച് നന്ദി അറിയിച്ചു. ശോഭ റിയാലിറ്റി ഗ്രൂപ് 50 വീടുകള്‍ നിര്‍മിച്ചുനൽകും. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ‘ബിസിനസ് ക്ലബ്’ 50 വീടുകള്‍ നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്തു.

നാഷനല്‍ സര്‍വിസ് സ്കീം (എൻ.എസ്.എസ്) ദുരിതബാധിത കുടുംബങ്ങള്‍ക്കായി 150 ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കുകയോ അല്ലെങ്കില്‍ അതിന്‍റെ തുക സര്‍ക്കാറിൽ നല്‍കുന്നതിനോ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകളും കോട്ടയ്ക്കല്‍ ആര്യവൈദ്യശാല 10 വീടുകളും നിര്‍മിച്ച് നല്‍കുമെന്ന് അറിയിച്ചു. ഫ്രൂട്ട്സ് വാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ ഭൂമിയേറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചു.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ദുരിത ബാധിതര്‍ക്ക് വീടുകള്‍ വെച്ചുനല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. രമേശ് ചെന്നിത്തല ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതിനെ കുറിച്ചുള്ള കെ. സുധാകരന്‍റെ പരാമർശങ്ങളെ കുറിച്ച് ചോദിച്ചപ്പോഴും ‘സുധാകരൻ പ്രത്യേകമായി എന്തെങ്കിലും പറഞ്ഞതാകാം, എല്ലാവരും ഒന്നിച്ച് നിൽക്കുകയല്ലേ, ചെറിയശബ്ദങ്ങൾ കാര്യമാക്കേണ്ടെ’ന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Tags:    
News Summary - Offered to construct 474 houses in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.