ഇന്ധനം മനുഷ്യത്വം; മണ്ണിനടിയിലായവരെ തേടിയുള്ള രക്ഷാദൗത്യത്തിന് ആയിരങ്ങൾ

മുണ്ടക്കൈ (മേപ്പാടി): ജാതി, മത, രാഷ്ട്രീയ വ്യത്യാസവും വലുപ്പച്ചെറുപ്പവുമില്ല... ഇവിടെ എല്ലാവരും മനുഷ്യരാണ്... ആയിരക്കണക്കിന് മനുഷ്യരുടെ മനുഷ്യത്വമാണ് ഉരുൾ വിഴുങ്ങിയ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല മേഖലയിലെ ഇടമുറിയാത്ത രക്ഷാദൗത്യത്തിന്റെ പ്രധാന ഇന്ധനം. വീണ്ടുമൊരു ഉരുൾപൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും മലവെള്ളപ്പാച്ചിലിന്റെയും ഭീതിയുണ്ടെങ്കിലും അതിനെയെല്ലാം അവഗണിച്ചാണവർ മണ്ണ് വിഴുങ്ങിയ മനുഷ്യരെ വിശ്രമമില്ലാതെ തിരയുന്നത്. സംഹാര താണ്ഡവമാടിയ പ്രകൃതിക്കുമുന്നിൽ പകച്ചുനിൽക്കാതെ പ്രതിരോധത്തിന്റെ കോട്ട തീർത്ത് വീണ്ടെടുപ്പിന്റെ ദൗത്യമാണെങ്ങും.

പെറ്റമ്മയെയും സഹോദരങ്ങളെയും നഷ്ടമായവരും കിടപ്പാടം പോയവരുമെല്ലാം വേദനകൾ മാറ്റിവെച്ച് നാടിന്റെ വീണ്ടെടുപ്പിനായി സൈന്യത്തിനൊപ്പം അണിചേരുകയാണ്. 16 അടി താഴ്ചയിൽനിന്നുവരെ ജീവന്റെ തുടിപ്പ് കണ്ടെത്താനാവുന്ന അത്യാധുനിക ജി.പി.ആർ റഡാറിന്റെയും പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളുടെയും സേവനം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതിനൊപ്പം കമ്പിപ്പാരയും കൈക്കോട്ടും പിക്കാസുമുപയോഗിച്ചുള്ള സാധാരണക്കാരുടെ ശ്രമദാനങ്ങളും കാണാം. ജീവന്റെ അവസാനകണിക എവിടെയെങ്കിലുമൊക്കെ ഉണ്ടാവുമെന്ന പ്രതീക്ഷയിൽ നൂറോളം കൂറ്റൻ ‘യന്ത്രക്കൈകൾ’ എല്ലാ സ്ഥലങ്ങളിലെയും മണ്ണുമാറ്റിയും പരിശോധന തുടരുന്നു.

സൈന്യം, പൊലീസ്, എൻ.ഡി.ആർ.എഫ്, ഐ.ആർ.ബി, നാവികസേന, ടെറിട്ടോറിയൽ ആർമി, വനം വകുപ്പ്, റവന്യൂ വകുപ്പ്, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്, സന്നദ്ധ പ്രവർത്തകർ എന്നിങ്ങനെ രണ്ടായിരത്തിലേറെ പേരാണ് രക്ഷാപ്രവർത്തനത്തിൽ വിവിധ ഭാഗങ്ങളിലായി നേരിട്ട് പങ്കാളികളാകുന്നത്. ഇവർക്കെല്ലാം ഭക്ഷണവും വെള്ളവും മരുന്നും മറ്റു സഹായവുമായി എത്തുന്നവർ വേറെയുമുണ്ട്.

Tags:    
News Summary - Thousands on rescue mission to find those buried underground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.