ഡയറക്ടറുടെ ചുമതല മിൽമ എം.ഡിക്ക്; ക്ഷീരവികസന വകുപ്പിൽ പ്രതിഷേധം കനക്കുന്നു

കാസർകോട്: ക്ഷീരവികസന വകുപ്പ് ഡയരക്ടറുടെ ചുമതല മിൽമ എം.ഡിക്ക് നൽകിയ സർക്കാർ ഉത്തരവിനെതിരെ ക്ഷീരവികസന വകുപ്പിൽ പ്രതിഷേധം കനക്കുന്നു. ജീവനക്കാരുടെ വിവിധ സംഘടനകൾ, പരമ്പരാഗത പാൽ സൊസൈറ്റീസ് അസോസിയേഷൻ എന്നീ സംഘടനകൾ സർക്കാർ തീരുമാനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. മിൽമ എം.ഡി. ആസിഫ് കെ. യൂസഫിനാണ് വകുപ്പ് ഡയറക്ടറുടെ അധികചുതമലകൂടി നൽകിയത്. 

ക്ഷീരവികസന വകുപ്പ് ജീവനക്കാർ സർക്കാർ ഉത്തരവിനെതിരെ കരിദിനം ആചരിച്ചു പ്രതിഷേധിച്ചിരുന്നു. തീരുമാനം തിരുത്താൻ സർക്കാർ തയാറായില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ കണ്ണൂരിൽ ചേർന്ന പരമ്പരാഗത പാൽ സൊസൈറ്റീസ് അസോസിയേഷനും തീരുമാനിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവ് പുന:പരിശോധിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭ പരിപാടിയുമായി മുമ്പോട്ട്​ പോകാനാണ്​ ഡയറി ഓഫിസേഴ്‌സ് അസോസിയേഷൻ തീരുമാനം. ക്ഷീരവികസന വകുപ്പ് നടപടിക്ക് എതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി സി.പി.ഐ അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷനും രംഗത്തെത്തിയിട്ടുണ്ട്​.

ഐ.എ.എസ്​ ഓഫിസറെ വകുപ്പിൽ ഡയരക്ടറാക്കി നിയമിച്ചത്​ ജീവനക്കാരുടെ പരിമിതമായ പ്രമോഷൻ സാധ്യത ഇല്ലാതാക്കുമെന്ന്​ മുഖ്യമന്ത്രിക്ക്​ നൽകിയ പരാതിയിൽ ​ കേരള ഗസറ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷൻ ചൂണ്ടിക്കാട്ടി. തീരുമാനം പിൻവലിക്കണമെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ്​ ഡോ. കെ.എസ്​. സജികുമാർ ആവശ്യപ്പെട്ടു. തികച്ചും സാ​ങ്കേതിക വൈദഗ്​ധ്യമുള്ള ഒരുവിഭാഗം ജീവനക്കാർ ജോലി ചെയ്യുന്ന വകുപ്പിൽ നാളിതുവരെ ഡയറക്ടറായി നിയമിച്ചിരുന്നത്​ വകുപ്പിലെ തന്നെ സാങ്കതിക വിഭാഗം ജീവനക്കാരെയായിരുന്നു. അതിനു പകരമാണ്​ ക്ഷീരവികസന വകുപ്പിന്‍റെ ഭരണനിയന്ത്രണത്തിലുള്ള സഹകരണ സംഘമായ മിൽമയുടെ എം.ഡിയെ ക്ഷീര വികസന വകുപ്പ്​ ഡയരക്​റായി നിയമിച്ചത്​. ഇതാണ്​ വകുപ്പിനകത്ത്​ വ്യാപക പ്രതിഷേധത്തിന്​ ഇടയാക്കിയത്​. 

ക്ഷീര വികസന വകുപ്പിന്‍റെ ഭരണ നിയന്ത്രണത്തിലാണ് മിൽമ പ്രവർത്തിക്കുന്നത്. ക്ഷീരവികസന വകുപ്പ് ഡയറക്ടറാണ് മിൽമയുടെ ഫങ്ഷനൽ രജിസ്ട്രാർ. മിൽമക്കെതിരെ പരാതി കിട്ടിയാൽ നടപടിയെടുക്കേണ്ടത് ക്ഷീര വികസന വകുപ്പ് ഡയറക്ടറുടെ ചുമതലയാണ്. ഈ സാഹചര്യത്തിൽ മിൽമയുടെ മാനേജിങ് ഡയറക്ടരെ ക്ഷീരവികസന വകുപ്പ് ഡയറക്ടറായി നിയമിച്ച സർക്കാർ ഉത്തരവ് വിചിത്രമാണെന്നാണ് ക്ഷീരവികസന വകുപ്പ് ജീവനക്കാർ പറയുന്നത്. ക്ഷീര സഹകരണ സംഘം ഡയറക്ടറുടെ ചുമതല നൽകിയതോടെ ഇനിമുതൽ മിൽമ എം.ഡിയാണ് ഈ ചുമതലകളും നിർവഹിക്കേണ്ടത്. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.